ഔദ്യോഗിക വസതിയിലെ മുറിനിറയെ നോട്ടുകെട്ടുകള്‍; തീപിടുത്തം വെളിപ്പെടുത്തിയത് ഹൈക്കോടതി ജഡ്ജിയുടെ അനധികൃത സമ്പാദ്യം; ഇടപെട്ട് സുപ്രീംകോടതി

ഔദ്യോഗിക വസതിയിലെ തീപിടുത്തം കുരുക്കാകുമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. തീപ്പിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും കണ്ട്ത് കെട്ടുകണക്കിന് നോട്ടുകെട്ടുകളാണ്. ഇക്കാര്യം അവര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വിശദമായ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടതോടെ സുപ്രീംകോടതിയും അടിയന്തര നടപടി തുടങ്ങി.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിയില്‍ തീപ്പിടിത്തം ഉണ്ടായത്. കുടുംബാംഗങ്ങള്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഹൈക്കോടതി ജഡ്ജിയുടെ വീടായതിനാല്‍ ഫയര്‍ഫോഴ്‌സിലേയും പോലീസിലേയും ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് പാഞ്ഞെത്തി. വേഗത്തില്‍ തീ അണച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ഒരു മുറിയില്‍ നിന്ന് കെട്ടുകണക്കിന് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഈ വിവരം കന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ വിവരം സുപ്രീം കോടതിയുടെ ശ്രദ്ധയിപ്പെട്ടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി സുപ്രീംകോടതി കൊളീജിയം വിളിച്ചുചേര്‍ത്തു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജിവയ്ക്കണം എന്ന ആവശ്യം വരെ കൊളീജിയത്തില്‍ ഉയര്‍ന്നു.

ഒരു ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉണ്ടായാല്‍ ആരോപണവിധേയനായനോട് വിശദീകരണം ചോദിക്കുക എന്നതാണ് ആദ്യപടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതി ആരോപണം അന്വേഷിക്കും. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ ജഡ്ജിയെ പുറത്താക്കാന്‍ ഉള്ള നടപടികളിലേക്ക് പാര്‍ലമെന്റിന് കടക്കാം.

നിലവില്‍ ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ എന്‍. വര്‍മ്മയുടെ മകനാണ്. നിലവിലെ വിവാദങ്ങളോട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top