പിറ്റ്ബുൾ, ബുള്‍ഡോഗ് തുടങ്ങി 20ലധികം നായ്ക്കളുടെ ഇറക്കുമതി തുടരാം; വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: റോട്ട്‌വീലര്‍, പിറ്റ്ബുൾ ടെറിയർ, ബുള്‍ഡോഗ്, തുടങ്ങി അപകടകാരികളായ ഇരുപതിൽപ്പരം നായ്ക്കളെ നിരോധിച്ച കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് കേന്ദ്രം വിവിധ വിഭാഗങ്ങളുമായി വിശദമായ കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം തേടണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
മനുഷ്യജീവന് അപകടകാരികളായ ചിലയിനം നായ്ക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ വിവിധ ഹർജികൾ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം പരിശോധിച്ച് തീരുമാനം എടുക്കാൻ ഹൈകോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
റോട്ട്‌വീലര്‍, പിറ്റ്ബുൾ ടെറിയർ, ബുള്‍ഡോഗ്, വുൾഫ് ഡോഗ്സ്, മാസ്റ്റിഫ് തുടങ്ങി ഇന്ത്യൻ വിപണിയിൽ വൻ ഡിമാന്റുള്ള നായ്ക്കളുടെ ഇറക്കുമതിയും, വില്‍പ്പനയുമാണ് നിരോധിച്ചത്. നിരോധിക്കപ്പെട്ട ഇനത്തിലുള്ള നായ്ക്കളെ വളർത്താൻ ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ നിലവിലുള്ള നായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം പോലുള്ള നടപടികൾ ആലോചിക്കാനും അറിയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here