കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി; ഭരണ പ്രതിസന്ധി പരിശോധിക്കേണ്ടത് ലെഫ്റ്റനന്റ് ഗവർണർ എന്ന് കോടതി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജ്‌രിവാളിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്നത് കേജ്‌രിവാളിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു. തീരുമാനം ദേശീയ താൽപര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു.
മുഖ്യമന്ത്രി ജയിലിലായതിനാൽ ഭരണ പ്രതിസന്ധിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് ലെഫ്റ്റനന്റ് ഗവർണർ ആണെന്ന് കോടതി പറഞ്ഞു. ഇതിനുള്ള നിയമപരമായ അധികാരം ലെഫ്റ്റനന്റ് ഗവർണർക്കുണ്ട് അതിനാൽ കോടതി ഇടപെടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമാനമായ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹർജി നേരത്തെയും ഹൈക്കോടതി തള്ളിയിരുന്നു.
മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ജയിലിൽ നിന്ന് അദ്ദേഹം ഭരണം നടത്തുമെന്നാണ് ആം ആദ്മി നേതാക്കൾ പറയുന്നത്. എന്നാൽ ഭരണ പ്രതിസന്ധി ലെഫ്റ്റനന്റ് ഗവർണർ പരിശോധിക്കട്ടെ എന്ന് കോടതി പറഞ്ഞതോടെ പുതിയ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here