കോണ്‍ഗ്രസിന് തിരിച്ചടി; ആദായനികുതി കുടിശിക ഈടാക്കാനുള്ള നടപടിക്ക് സ്റ്റേ ഇല്ല, ചുമതലക്കാര്‍ ഉറങ്ങുകയായിരുന്നോ എന്ന് ഡൽഹി ഹൈക്കോടതി
ഡൽഹി: കോണ്‍ഗ്രസില്‍ നിന്ന് ആദായനികുതി കുടിശിക ഈടാക്കുന്ന നടപടിക്ക് സ്റ്റേ ഇല്ല. 100 കോടി രൂപയോളം വരുന്ന നികുതി കുടിശിക കോൺഗ്രസിൽ നിന്ന് തന്നെ ഈടാക്കാൻ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഹൈക്കോടതി ഇടപെടേണ്ട കാര്യമില്ലെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷെയ്ന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
2021ൽ ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിട്ട് ഇത്രയും വർഷം കോൺഗ്രസ് ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു. വിഷയം വളരെ മോശമായാണ് പാർട്ടി കൈകാര്യം ചെയ്തതെന്നും കോടതി വിമർശിച്ചു. അതേസമയം പാർട്ടിക്ക് വേണമെങ്കിൽ പുതിയ ഒരു ഹർജി ട്രിബ്യൂണലില്‍ നൽകാമെന്നും കോടതി നിർദ്ദേശിച്ചു.
2018-19 വർഷത്തെ നികുതി അടയ്ക്കാത്തതിനായിരുന്നു ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. 2021ൽ നോട്ടീസ് അയച്ചെങ്കിലും കോൺഗ്രസ് വിഷയം കാര്യമായെടുത്തില്ല. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയുടെ അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. കുടിശിക പാർട്ടിയിൽ നിന്ന് ഈടാക്കാനും നടപടി തുടങ്ങി. ഇതിനെത്തുടർന്നാണ് ട്രിബ്യൂണലിനെ സമീപിച്ചത്. 102 കോടി രൂപയുടെ കുടിശികയായിരുന്നു ഉണ്ടായിരുന്നത്. പലിശ ഉൾപ്പെടെ അത് 135.06 കോടി രൂപയായിട്ടുണ്ട്. അതിൽ 65.94 കോടി രൂപ തിരിച്ചുപിടിച്ചതായി ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. കുടിശികയുടെ ഇരുപത് ശതമാനം തിരിച്ചടക്കാമെന്ന് 2021ൽ പാർട്ടി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു തുകയും തിരിച്ചടച്ചില്ല. അതുകൊണ്ട് മുഴുവൻ തുകയും ഈടാക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാൻ ട്രിബ്യൂണൽ അനുമതി നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here