വോട്ടെടുപ്പിന് മുൻപ് സഭാതലവന്മാരെ കാണാനുള്ള ഡൽഹി ലഫ്. ഗവർണറുടെ ദൗത്യം ഫലംകണ്ടില്ല; മാർ റാഫേൽ തട്ടിലിനെ മാത്രം കണ്ടു; രണ്ട് മെത്രാന്മാർ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല

കൊച്ചി: കേരളത്തിലെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെ നേരിൽ കണ്ട് ക്രൈസ്തവവോട്ടുകൾ പെട്ടിയിലാക്കാനുള്ള ബിജെപിയുടെ അവസാനനീക്കം ഫലം കാണാതെ പോയി. ഇതിനായി എത്തിയ ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്ക് സിറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിനെ മാത്രമാണ് കാണാൻ കഴിഞ്ഞത്. ഇന്നു രാവിലെ പത്തരയോടെ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ്‌ തോമസ് മൗണ്ടിലെത്തിയ സക്സേന പത്തു മിനിറ്റ് മാത്രമാണ് മാർ റാഫേലുമൊത്ത് കൂടിക്കാഴ്ച നടത്തിയത്.

“ലഫ്. ഗവർണറുടേത് തികച്ചും സൗഹൃദ സന്ദർശനമായിരുന്നു. രാഷ്ടീയ വിഷയങ്ങളോ, മറ്റ് കാര്യങ്ങളോ ഒന്നും ചർച്ച ചെയ്തില്ല. കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം മേജർ ആർച്ച് ബിഷപ്പിനെ കാണാൻ താല്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. സമ്മതം അറിയിച്ചത് പ്രകാരമാണ് ഗവർണർ സഭാ ആസ്ഥാനത്ത് എത്തിയത്”, സിറോ മലബാർ സഭ പി.ആർ.ഒ ഫാ.ആന്റണി വടക്കേക്കര മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഓർത്തഡോക്സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുമായും സക്സേന ചർച്ചക്ക് സമയം ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം പാലക്കാട്ടേക്ക് പോയതിനാൽ കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ വ്യക്തമാക്കി.

തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ചുബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയെ കാണാനും താല്പര്യം അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ നേതാക്കളെ ആരെയും കാണുന്നില്ലെന്ന നിലപാടിലാണ് അദ്ദേഹം. വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള സഭയുടെ മൂന്ന് എഫ്സിആർഎ ബാങ്ക് അക്കൗണ്ടുകൾ വിഴിഞ്ഞം സമരത്തിന് പിന്നാലെ മരവിപ്പിച്ചെന്ന ഗുരുതര ആരോപണം ഇടയലേഖനമായി ആർച്ചുബിഷപ്പ് ഇറക്കിയിരുന്നു. സംസ്ഥാന പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇവ മരവിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന സക്സേനയുടെ വരവിന് പിന്നിൽ സഭകളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു. ലോക്സഭാ വോട്ടിംഗിന് രണ്ടു നാൾ മാത്രം അവശേഷിക്കെ സഭാ നേതാക്കളെ കാണാൻ വന്നതിന്‍റെ ഉദ്ദേശ്യശുദ്ധിയിൽ പലർക്കും സംശയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മെത്രാന്മാർ ഒഴിഞ്ഞുമാറിയത്.

തിരുവല്ലാ ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ചിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിന്‍റെ ചടങ്ങിൽ പങ്കെടുത്ത ശേഷം ലഫ്. ഗവർണർ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ ഡൽഹിക്ക് മടങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top