കേജ്‌രിവാളിനെ കുടുക്കിയ മദ്യനയ അഴിമതി എന്താണ്? കേരളത്തിലെ ബാർകോഴ പോലെ ഡൽഹിയിലെ ആംആദ്മി സർക്കാരിന് തലയ്ക്കുമീതെ വാളായ കേസിൻ്റെ നാൾവഴി അറിയാം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യതലസ്ഥാനമാകെ സംഘർഷഭരിതമായ അവസ്ഥയിലാണ്. അഴിമതിക്കെതിരെ ചൂലുമായി ഇറങ്ങിയ ആംആദ്മി പാർട്ടിയുടെ പ്രധാന മുഖമായ അരവിന്ദ് കേജ്‌രിവാളിനെ കുടുക്കിയ മദ്യനയ അഴിമതി കേസ് എന്താണ്?

2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. നയമനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്ന് പൂർണമായി പിന്മാറുന്നു. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ എന്ന തരത്തിൽ ടെൻഡർ വിളിച്ച് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നു. കമ്പനികളുടെ വരവോടെ മദ്യത്തിന്റെ ഗുണനിലവാരത്തിനെതിരെ വ്യാപക പരാതി ഉയരാൻ തുടങ്ങി. ഇവിടെനിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മദ്യനയത്തിൽ അഴിമതി ആരോപിച്ച് ബിജെപി എംപി മനോജ് തിവാരി ലെഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരം ഡൽഹി ചീഫ് സെക്രട്ടറി അന്വേഷണവും ആരംഭിച്ചു. സ്വകാര്യ വിൽപ്പനക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.

ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെയാണ് നയം നടപ്പാക്കിയതെന്നും ലൈസൻസ് ഫീസിൽ 144 കോടിയോളം രൂപ ഇളവ് നൽകി സർക്കാരിന് നഷ്ടമുണ്ടായതായും അന്വേഷണത്തിൽ തെളിഞ്ഞതോടെ സിബിഐ അന്വേഷണം ആരംഭിച്ചു. ഇതോടെ പുതിയ നയം നടപ്പാക്കി ഒരു വർഷം പോലും തികയും മുൻപ് 2022 ജൂലൈയിൽ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങി. എന്നാൽ അപ്പോഴേക്കും കൈക്കൂലി, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. സിബിഐയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്തുടനീളം ഇതിന്റെ ഭാഗമായി ഇഡി നിരവധി റെയ്ഡ് നടത്തി.

ഇനി അറസ്റ്റുകളുടെ ഘട്ടമാണ്. ആം ആദ്മിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജായ മലയാളി വിജയ് നായരെ 2022 സെപ്റ്റംബറിൽ ഇഡി അറസ്റ്റ് ചെയ്തു. ഇതാണ് മദ്യനയ അഴിമതിയിലെ ആദ്യ അറസ്റ്റ്. ഇതിനു പിന്നാലെ മദ്യ വ്യവസായി സമീർ മഹേന്ദ്രു, ഇടനിലക്കാരന്‍ അഭിഷേക് ബോയിന്‍പള്ളി, സിസോദിയയുടെ അടുത്ത അനുയായി അമിത് അറോറ, സ്വകാര്യ പരസ്യ സ്ഥാപനത്തിലെ രാജേഷ് ജോഷി എന്നിവരെയും അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെയും ഇഡി അറസ്റ്റ് ചെയ്തു. ഇതിൽ വിജയ് നായർ പിന്നീട് മാപ്പുസാക്ഷിയായി. ഒക്ടോബറിൽ ആംആദ്മിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെയും ഇഡി പൂട്ടി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെയും ഇഡി കേസിൽ ഉൾപ്പെടുത്തി ഈയിടെ അറസ്റ്റ് ചെയ്തു. അഴിമതി നടത്താൻ സൗത്ത് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്ന് 100 കോടി ആം ആദ്മി നേതാക്കൾ കൈപ്പറ്റിയെന്നാണ് ഇഡിയുടെ വാദം. ഈ കമ്പനിയുമായി പങ്കുണ്ടെന്ന് ആരോപിച്ചാണ് കവിതയുടെ അറസ്റ്റ്. മദ്യനിർമാതാക്കൾ, റീറ്റെയ്ൽ- ഹോൾസെയ്ൽ ഡീലര്‍മാര്‍ എന്നിവർ ചേർന്ന് തുടങ്ങിയ സൗത്ത് ഗ്രൂപ്പിൽ കവിതയും അഭിഷേക് ബോയിന്‍പള്ളിയും സമീർ മഹേന്ദ്രുവും ഉൾപ്പെടെയുള്ളവർ പങ്കാളികളായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ.

അതേസമയം, മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2022 നവംബറിൽ അറസ്റ്റിലായ ഹൈബരാബാദ് ആസ്ഥാനമായ ഓറോബിന്ദോ ഫർമാ ലിമിറ്റഡിന്റെ ഉടമ പി ശരത് ചന്ദ്ര റെഡ്‌ഡി അഞ്ച് കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ട് ബിജെപിക്കായി വാങ്ങിയെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായി അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ബോണ്ട് വാങ്ങിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇത് ഇഡിയുടെയും അതിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിനെയും വല്ലാതെ സംശയത്തിൻ്റെ നിഴലിലാക്കുന്നുണ്ട്. 2023 മെയിൽ ശരത് ചന്ദ്ര റെഡ്‌ഡിക്ക് ജാമ്യം ലഭിച്ചു. ജാമ്യം നൽകുന്നതിനെതിരെ ഇഡി കോടതിയിൽ വാദിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ ഇയാളെ മാപ്പുസാക്ഷിയാക്കി ഇഡി തന്നെ കേസിൻ്റെ നൂലാമാലകളിൽ നിന്ന് രക്ഷിച്ചു എന്നതും പ്രധാനമാണ്. രണ്ട് മാസത്തിന് ശേഷം ബിജെപിക്ക് ഇയാൾ വീണ്ടും 25 കോടി സംഭാവന നൽകി. മറ്റൊന്നുകൂടിയുണ്ട്, ബോണ്ട് വാങ്ങിയ കമ്പനികളിൽ പകുതിയോളം പേരും ഇഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ടവരാണെന്നും ബോണ്ട് വാങ്ങിയതിന് ശേഷം കേസിൽ തുടർനടപടികൾ ഉണ്ടായില്ല എന്നതും എല്ലാത്തിനുമൊപ്പം ചേർത്ത് വായിക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top