മദ്യനയക്കേസില്‍ സഞ്ജയ്‌ സിംഗിന് ജാമ്യം; ഇഡിക്ക് പണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഡല്‍ഹി: മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ്‌ സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസില്‍ ജയിലിലായിരുന്ന സഞ്ജയ്‌ സിംഗിന് 6 മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. സഞ്ജയ്‌ സിംഗിനെതിരെ തെളിവ് കണ്ടെത്താനായില്ലെന്നും ഇഡിക്ക് പണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിമര്‍ശിച്ചു. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയില്‍ സഞ്ജയ്‌ സിംഗിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും കോടതി വ്യക്തമാക്കി. എഎപിക്കെതിരെ ഇഡി മദ്യനയക്കെസ് കടുപ്പിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാവ് പുറത്തുവരുന്നത്. സഞ്ജയ്‌ സിംഗിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ തടസ്സമില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് സഞ്ജയ്‌ സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. മദ്യനയത്തിന്‍റെ പേരില്‍ പാര്‍ട്ടി ഫണ്ട് സ്വരൂപിക്കാന്‍ ഇടനിലക്കാരനായ ദിനേശ് അറോറയെ പ്രയോജനപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അറോറയില്‍ നിന്ന് രണ്ട് കോടി വാങ്ങിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ സഞ്ജയ്‌ സിംഗ് ഇത് നിഷേധിച്ചിരുന്നു. അദാനിക്കെതിരെ നിലപാട് വ്യക്തമാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് എഎപി ആരോപിച്ചിരുന്നു.

സഞ്ജയ്‌ സിംഗിന് ജാമ്യം നല്‍കുന്നതില്‍ ഇഡി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മദ്യനയക്കേസില്‍ അടുത്തിടെ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സഞ്ജയ്‌ സിംഗിന് ജാമ്യം ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top