മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാളിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് കോടതി, ഇഡിക്ക് തിരിച്ചടി
ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസം. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഡല്‍ഹി റോസ് അവന്യു സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വലിയ തിരിച്ചടിയാണ് കോടതി ഉത്തരവ്.
കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കേജ്‌രിവാളിന് പലതവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഹാജരായിരുന്നില്ല. ജാമ്യം ലഭിച്ചതോടെ ചോദ്യം ചെയ്യാന്‍ മാത്രമേ ഇഡിക്ക് ഇനി സാധിക്കുകയുള്ളു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ ഇന്നലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ വസതിയില്‍ ഇഡി, ഐടി വകുപ്പുകളുടെ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അറസ്റ്റിലായിരുന്നു.
ഡല്‍ഹിയിലെ മദ്യവില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here