ജാമ്യം തേടി കേജ്‌രിവാള്‍; സുപ്രീംകോടതിയിലെ ഹർജിയില്‍ സിബിഐ ഇന്ന് മറുപടി നല്‍കും
ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ചോദ്യംചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്കിയ ഹർജിയില്‍ സിബിഐ ഇന്ന് മറുപടി നല്‍കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
കേജ്രിവാളിന്റെ ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് ചോദിച്ചിരുന്നു. മദ്യനയ കേസിൽ ജാമ്യം ലഭിച്ച മനീഷ് സിസോദിയ നേരത്തെ പുറത്തിറങ്ങിയിരുന്നു. വിചാരണ തുടങ്ങാത്തതിന്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിലിടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിസോദിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
ജൂണ്‍ 26നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. തീഹാര്‍ ജയിലിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 29ന് ഡൽഹി മുഖ്യമന്ത്രിക്കും കേസിലെ മറ്റ് പ്രതികൾക്കും എതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു.
2021 നവംബർ 17ആണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കിയത്. ഡൽഹിയിലെ മദ്യവിൽപ്പനയില്‍ 60 ശതമാനം സർക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനവും സ്വകാര്യവത്കരിക്കപ്പെട്ടു. മദ്യനയവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നെന്ന ആരോപണമാണ് ഉയര്‍ന്നത്. പുതിയ മദ്യനയത്തിലെ ക്രമക്കേടുകളെ കുറിച്ച് ഡൽഹി ചീഫ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് ലഫ്.ഗവര്‍ണര്‍ക്ക് അയച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അബ്കാരികള്‍ക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിബിഐ, ഇഡി അന്വേഷണങ്ങള്‍ വന്നത്. മനീഷ് സിസോദിയയും കേജരിവാളും അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here