നിരോധിത സിഖ് സംഘടനയില്‍ നിന്നും പണം കൈപ്പറ്റി; കേജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന. നിരോധിത സംഘടനയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിലാണ് എന്‍ഐഎ അന്വേഷണം ശുപാർശ ചെയ്തത്.
നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് പരാതി. ഖാലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. ഇവരില്‍ 134 കോടി രൂപ കേജ്‌രിവാള്‍ കൈപ്പറ്റിയെന്ന് വേള്‍ഡ് ഹിന്ദു ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി അളൂ മൊംഗിയ നല്‍കിയ കത്തിലാണ് അന്വേഷണം നിര്‍ദേശിച്ചിരിക്കുന്നത്. 2014 മുതല്‍ 2022 വരെ എഎപി വിദേശത്തുളള ഖാലിസ്ഥാന്‍ സംഘടനകളില്‍ നിന്ന് പണം വാങ്ങിയെന്ന് ഗുര്‍പത്‌വന്ത് സിങ് പന്നൂസ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. പരാതിയോടൊപ്പം ലഭിച്ച ഇലക്ട്രോണിക് തെളിവുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മദ്യനയ അഴിമതി കേസില്‍ തിഹാര്‍ ജയിലിലാണ് കേജ്‌രിവാള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here