കുംഭമേളക്കെത്തിച്ച് ഭാര്യയെ കൊന്നു!! ഡൽഹി ദമ്പതികൾക്കിടെ ആ രാത്രി നടന്നതിൻ്റെ ചുരുളഴിക്കാൻ പ്രയാഗ് രാജ് പോലീസ്

തീർത്ഥാടകരുടെ വരവുകൊണ്ട് പ്രയാഗ് രാജ് പോലീസിന് ഏറ്റവും തിരക്കുള്ള ദിവസങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെന്നും. അതിനിടയിലൊരു ദിവസം പുലർച്ചെ ഒരു ഫോൺകോൾ… ആസാദ് നഗർ കോളനിയിലെ ഒരു ഹോംസ്റ്റേയുടെ ശുചിമുറിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു എന്നായിരുന്നു സന്ദേശം. സ്ഥലത്തെത്തിയ പോലീസിന് മരിച്ചയാളെ തിരിച്ചറിയാൻ ഒരു സൂചനയും ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് പേരെത്തുന്ന ആ നാട്ടിലൊരിടത്തും ആരുടെയും തിരിച്ചറിയൽ രേഖകൾ ഹോംസ്റ്റേകളോ ഹോട്ടലുകളോ വാങ്ങി സൂക്ഷിച്ചിരുന്നില്ല.

മരിച്ച സ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട് സോഷ്യൽ മീഡിയ പ്രചാരം കൊടുത്തതിന് ഗുണമുണ്ടായി. ഡൽഹിയിൽ നിന്നൊരു കുടുംബം ബന്ധപ്പെട്ട് വിവരം നൽകി. അവർ പിറ്റേന്ന് പ്രയാഗ് രാജിൽ എത്തിയതോടെ കുറ്റകൃത്യം ചുരുളഴിഞ്ഞു. കൊല്ലപ്പെട്ടത് ഡൽഹി ത്രിലോക്പുരിയിൽ നിന്നുള്ള വീട്ടമ്മ മീനാക്ഷി. തലേന്ന് ഡൽഹിയിൽ നിന്ന് കുംഭമേളയിലേക്ക് അവർ പുറപ്പെട്ടത് ഭർത്താവ് അശോക് കുമാറിനൊപ്പം. ഇത്രയും വിവരങ്ങൾ കിട്ടിയത് പ്രയാഗ് രാജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞ ഇരുവരുടെയും സ്വന്തം മക്കളിൽ നിന്ന് തന്നെ.

ഇത്രയും വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ കൊല നടന്ന സാഹചര്യത്തെക്കുറിച്ച് പോലീസ് എത്തിച്ചേർന്ന നിഗമനം ഇങ്ങനെ. ഹോംസ്റ്റേയിൽ എത്തി താമസിച്ച ശേഷം രാത്രി ഇരുവരും തമ്മിൽ ഏതോ കാര്യത്തെച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് ശുചിമുറിയിലേക്ക് പോയ മീനാക്ഷിയെ ഭർത്താവ് പിന്നാലെയെത്തി ആക്രമിച്ചു. പിന്നീട് കഴുത്തിൽ ആഴത്തിൽ കുത്തിമുറിച്ചു. ഇതോടെ രക്തംവാർന്ന് മരിച്ച ഭാര്യയുടെ മൃതദേഹം ഉപേക്ഷിച്ച് അശോക് കുമാർ അവിടെ നിന്ന് കടന്നു.

ഇതിനിടയിൽ മകനെ ഫോണിൽ വിളിച്ച്, തിരക്കിൽ അമ്മയെ കാണാതായെന്ന് അശോക് കുമാർ കഥ മെനഞ്ഞു. പിറ്റേന്ന് പ്രയാഗ് രാജ് പോലീസിൻ്റെ ഫോൺകോൾ എത്തിയതോടെ കുടുംബത്തിന് ഏകദേശം രൂപമായി. നേരിട്ടെത്തിയ അവർ പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. അശോക് കുമാറിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്നും അവർക്കൊപ്പം ജീവിക്കാനായി ഭാര്യയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്നുമാണ് പോലീസ് ഇപ്പോൾ വിശദീകരിക്കുന്നത്.

മറ്റൊരുപാട് വിവാദങ്ങൾക്കിടെ കുംഭമേളയുടെ പേരിൽ ഉയർത്തി കാണിക്കപ്പെടുന്ന ആത്മീയ അന്തരീക്ഷത്തിൽ കരിനിഴൽ വീഴ്ത്തുന്നതായി ഈ ബീഭത്സ കൊലപാതകം. ഇത്രയധികം പേർ വന്നുപോകുന്ന സ്ഥലം തൻ്റെയൊരു ക്രൂരതക്ക് വേദിയാക്കിയാൽ ശ്രദ്ധിക്കപ്പെടില്ലെന്ന് പ്രതി കരുതിയെന്നാണ് നിഗമനം. എന്നാൽ യാത്രക്ക് തൊട്ടുമുൻപ് ഇരുവരും ചേർന്നെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും, കൊലക്ക് ശേഷം പോലീസ് പ്രചരിപ്പിച്ച സ്ത്രീയുടെ ഫോട്ടോയുമാണ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top