ആം ആദ്മിയെ തകർക്കുന്നത് അധികാരമോഹമോ? വലവിരിച്ച് ബിജെപി; കെജ്‌രിവാളിൻ്റെ വിശ്വസ്തൻ്റെ രാജിക്ക് പിന്നിൽ…
അടുത്ത വർഷം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയും മുതിർന്ന നേതാവുമായ കൈലാഷ് ഗഹ്‌ലോട്ട് മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ രാജിവച്ചു. മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി അതിഷി സ്വീകരിച്ചു. ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹവുമായി വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് കരുതിയ വ്യക്തികളിൽ ഒരാളായിരുന്നു ഗഹ്‌ലോട്ട് . ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ, സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. തനിക്ക് അനുകൂലമായി ജനവിധി വന്നതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുക്കൂ എന്നായിരുന്നു പ്രഖ്യാപനം. തുടർന്ന് സർക്കാരിലെ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അതിഷിയെ തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു.
Also Read: ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം; കാരണമായത് ദീപാവലി ആഘോഷങ്ങൾ; 10 നഗരങ്ങളുടെ പട്ടിക
ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നീ വകുപ്പുകളാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന ഗഹ്‌ലോട്ട് ഡൽഹി സർക്കാരിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. നസഫ്ഗഡ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം 2015 മുതൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ വർഷം അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് സുപ്രധാന ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
അതിഷി മുഖ്യമന്ത്രിയായതിന് പിന്നാലെ തൻ്റെ തിരിച്ചുവരവിന് വേണ്ടി ജനപിന്തുണ ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് കെജ്‌രിവാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എഎപിക്ക് കനത്ത പ്രഹരമാണ് പാർട്ടിയെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള മുതിർന്ന നേതാവിൻ്റെ രാജി. അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് ഗഹ്‌ലോട്ടിൻ്റെ രാജിക്ക് പിന്നിലെന്നും സൂചനകളുണ്ട്. അതിഷിയെ മുഖ്യമന്ത്രിയാക്കിയതിൽ അടക്കം അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു എന്ന വിലയിരുത്തലുകളുമുണ്ട്. ഗഹ്‌ലോട്ട് ബിജെപിയിൽ ചേർന്നാലത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
Also Read: ഐസിയുകൾ നിറയുന്നു; ശ്വാസം കിട്ടാതെ കുരുന്നുകൾ; ഗ്യാസ് ചേംബറായി തുടരുന്ന രാജ്യതലസ്ഥാനം
യമുന നദി ശുചീകരിക്കുന്നത് പോലുള്ള പ്രധാന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് അയച്ച രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. സമീപകാലത്ത് പാർട്ടിയെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾ ആം ആദ്മിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി. കെജ്‌രിവാളിന് അയച്ച കത്ത് ഗഹ്‌ലോട്ട് എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
ജനങ്ങളെ മറന്ന് ആം ആദ്മി പാർട്ടി സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി പോരാടുകയാണ്. അത് ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനെ സാരമായി ബാധിച്ചെന്നും ഗഹ്‌ലോട്ട് പറഞ്ഞു. ഭൂരിഭാഗം സമയവും കേന്ദ്ര സർക്കാരുമായി പോരാടിയാൽ ഡൽഹിക്ക് യഥാർത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോൾ വ്യക്തമായെന്നും രാജിക്കത്തിൽ അദ്ദേഹം കുറിച്ചു. ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് തുടരണമെന്ന തൻ്റെ ആഗ്രഹമാണ് പാർട്ടിയിൽ രാജിവയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ. എഎപിയുടെ നിലവിലെ കാഴ്ചപ്പാടിൽ ഊന്നിയുള്ള മുന്നോട്ട് പോക്കിനെ തനിക്ക് അംഗീകരിക്കാനാവില്ല. ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് പാർട്ടിക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഗഹ്‌ലോട്ട് വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാളിനെ പാർട്ടിയിലുള്ളവർ പോലും വിശ്വസിക്കുന്നില്ലെന്ന് ഗഹ്‌ലോട്ടിന്‍റെ രാജി തെളിയിക്കുന്നു. ധീരമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചു. എഎപി നേതാവിനെ ബിജെപിയിലേക്ക് സച്ച്ദേവ സ്വാഗതം ചെയ്തിട്ടുണ്ട്. എഎപി അരവിന്ദ് ആദ്മി പാർട്ടിയായി മാറിയെന്ന് അവരുടെ നേതാവ് തുറന്നുകാട്ടിയെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ലയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here