കൊലക്കേസ് പ്രതി ഫുഡ് ഡെലിവറി ഏജൻ്റായി ജോലി ചെയ്തത് മൂന്ന് വര്‍ഷം; പിടിയിലാകുംവരെ സുരക്ഷിതന്‍
മുംബൈയില്‍ ഫുഡ് ഡെലിവറി നടത്തുമ്പോഴാണ് തീര്‍ത്തും അപ്രതീക്ഷിതമായി അക്ഷയ് കുമാർ ത്രിപാഠി ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലാകുന്നത്. മുംബൈ ചെമ്പൂര്‍ ഗൗതം നഗറിലെ വീട്ടിലാണ് ഇയാള്‍ താമസിച്ചത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കെ കോവിഡ് സമയത്ത് 2021ല്‍ പരോള്‍ ലഭിച്ചു. ഈ പരോളില്‍ മുങ്ങിയ ത്രിപാഠിയെ അന്ന് മുതല്‍ മുതൽ പോലീസ് തിരയുകയായിരുന്നു.
ഒരു കമ്പനിയുടെ സ്റ്റോർകീപ്പറായിരുന്ന ത്രിപാഠി 2000ൽ നീരജ് എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ കൊന്നു. രണ്ടാം ഭാര്യയ്ക്കും മകനുമൊപ്പം നഗരത്തില്‍ താമസിക്കുകയായിരുന്നു ത്രിപാഠി. അപ്പോഴാണ് അറസ്റ്റില്‍ ആകുന്നത്.
“ഇയാളുടെ യഥാര്‍ത്ഥ പേര് അജയ് കുമാര്‍ ത്രിപാഠി എന്നാണ്. വ്യാജരേഖകള്‍ സൃഷ്ടിച്ചാണ് അക്ഷയ് കുമാര്‍ ത്രിപാഠി എന്നാക്കിയത്. പ്രതി ഒളിവിൽ പോകുന്നത് ഇതാദ്യമായിരുന്നില്ല. 2010ല്‍ ത്രിപാഠിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു. ഈ സമയത്ത് മുങ്ങിയ ഇയാള്‍ അഞ്ച് വര്‍ഷം ഒളിവില്‍പോയി. തുടർന്ന് 2015ൽ ജന്മനാടായ ആഗ്രയിൽ (യുപി) നിന്ന് ഇയാളെ പിടികൂടി,” – ഡിസിപി സെയിൻ പറഞ്ഞു.
ആദ്യം ത്രിപാഠി വിവാഹം കഴിച്ചിരുന്നു. വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ഭാര്യവീട്ടുകാര്‍ യുവതിയുമായി അകന്നു. ഭാര്യക്ക് അയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് ആദ്യം അറിയില്ലായിരുന്നു. 2013ൽ ഇവര്‍ക്ക് ഒരു മകനുണ്ടായി. 2015ൽ പോലീസ് ത്രിപാഠിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഭാര്യ സത്യം അറിയുന്നത്. ഇവര്‍ തമ്മില്‍ വഴക്കായതോടെയാണ് ആദ്യ ഭാര്യ ആത്മഹത്യ ചെയ്തത്. ഈ കുട്ടിയുമായാണ് മുംബൈയില്‍ വന്ന് പുതിയ പേരില്‍ ജോലി സ്വീകരിച്ചത്. 2021 അവസാനത്തോടെയാണ് ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യുന്നത്. മകനെ ഒരു ബോർഡിംഗ് സ്കൂളിൽ ചേർത്തു. ഇപ്പോള്‍ അറസ്റ്റിലാകും വരെ ഇയാളുടെ ജീവിതത്തെക്കുറിച്ച് പുതിയ ഭാര്യയ്ക്ക് ഒന്നും അറിയുമായിരുന്നില്ല.
മുംബൈയിലെത്തി ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് ത്രിപാഠിയെ പിടികൂടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here