കേരളത്തിലും റെയ്ഡ്; ന്യൂസ് ക്ലിക്ക് കേസിൽ പത്തനംതിട്ടയിൽ പരിശോധനക്കെത്തി ഡൽഹി പോലീസ്
പത്തനംതിട്ട: ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപണം നേരിടുന്ന ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും പരിശോധന. ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്. ഇവരുടെ മൊഴിയെടുത്ത ശേഷം മൊബൈൽ ഫോണും ലാപ്ടോപും അന്വേഷണ സംഘം പിടിച്ചെടുത്തു.
കേരളാ പോലീസ് നൽകുന്ന വിവരമനുസരിച്ച് അനുഷ പോൾ ന്യൂസ് ക്ലിക്കിലെ മുൻ വീഡിയോഗ്രാഫറാണ്. ഒരാഴ്ച മുമ്പാണ് ഇവർ കൊടുമൺ ഐക്കാട്ടുള്ള അമ്മയുടെ വീട്ടിൽ എത്തിയത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെയും കൊടുമൺ പോലീസിനെയും അറിയിച്ച ശേഷമാണ് ഇൻസ്പെക്ടർ അടക്കം മൂന്നു പോലീസ് ഉദ്യോഗസ്ഥർ ഇന്ന് വൈകിട്ട് പരിശോധനക്കായി എത്തിയത്.
അതേസമയം, വൻകിട ചൈനീസ് ടെലികോം കമ്പനികളായ ഷവോമിയും വിവോയും ആയിരക്കണക്കിന് ഷെൽ കമ്പനികൾ വഴി ഇന്ത്യയിൽ അനധികൃതമായി ഫണ്ട് വിതരണം ചെയ്തുവെന്നുമാണ് ഡൽഹി പോലീസ് പറയുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് പോർട്ടൽ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പൂർകയസ്ഥയ്ക്കും എച്ച്ആർ മേധാവി അമിത് ചക്രവർത്തിക്കുമെതിരായ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസ് ക്ലിക്കിന്റെ ഓഹരി ഉടമയായ ഗൗതം നവ്ലാഖയ്ക്ക് പാക്കിസ്ഥാൻ ചാര സംഘടനയുടെ ഏജന്റ് ഗുലാം നബി ഫായിയുമായി ബന്ധമുണ്ടെന്നുമാണ് എഫ്ഐആറിൽ ഡൽഹി പോലീസിൻ്റെ ആരോപണം.
ചൈനീസ് ടെലികോം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾക്ക് പകരമായി അവർക്കെതിരെയുള്ള കേസുകളിൽ പ്രതിരോധം തീർക്കുന്നതിന് പുർകായസ്ഥ, നെവിൽ റോയ് സിംഗം, ഗീത ഹരിഹരൻ, ഗൗതം ഭാട്ടിയ എന്നിവർ ഇന്ത്യയിൽ ഒരു ‘ലീഗൽ കമ്യൂണിറ്റി നെറ്റ്‌വർക്ക്’ സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർകായസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചതായാണ് എഫ്ഐആറിലുള്ളത്. ഇതിനായി തുടർച്ചയായി നിയമവിരുദ്ധമായ വിദേശ ഫണ്ടുകൾ അഞ്ച് വർഷം സ്വീകരിച്ചതായും ഡൽഹി പോലീസിൻ്റെ എഫ്ഐആറിൽ ആരോപിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here