ഡല്‍ഹി ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ തലപ്പത്ത് മലയാളി വനിത; അന്താരാഷ്ട്ര രംഗത്ത് പ്രശസ്തയായ ഡോ.എസ് ഇന്ദു, ആലപ്പുഴ സ്വദേശി
സോന ജോസഫ്
ന്യൂഡല്‍ഹി: ഡല്‍ഹി ടെക്നിക്കല്‍ സര്‍വകലാശാലയില്‍ ചരിത്രത്തിലാദ്യമായി ഒരു വനിത വൈസ് ചാന്‍സലര്‍ പദവിയിലെത്തി. അതുമൊരു മലയാളി. കമ്പ്യൂട്ടര്‍ ഗവേഷണ മേഖലയില്‍ അന്താരാഷ്ട്ര പ്രബന്ധങ്ങളും, പുസ്തകങ്ങളും രചിച്ച് പ്രശസ്തയായ ഡോ. എസ് ഇന്ദുവിനെ കഴിഞ്ഞ മാസം 26നാണ് വൈസ് ചാന്‍സിലര്‍ തസ്തികയില്‍ നിയമിച്ചത്. നിലവില്‍ ഇത് താത്കാലിക നിയമനമാണ്.
“ഞാന്‍ വളര്‍ന്നുവന്ന, എന്‍റെ യൂണിവേഴ്സിറ്റിയാണിത്. കാല്‍ നൂറ്റാണ്ട് ഇവിടെ പഠിപ്പിക്കുകയും കുട്ടികളോടൊപ്പം കഴിയുകയും ചെയ്ത എനിക്ക് കിട്ടിയ വലിയ അംഗീകാരമാണ് ഈ പദവി”യെന്ന് ഡോ. എസ്. ഇന്ദു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയായ ഇന്ദുവിന് ഡല്‍ഹി കേരള ക്ലബ്ബില്‍ വെച്ച് ഇന്ന് (ഒക്ടോബര്‍ 7) വൈകുന്നേരം സ്വീകരണം നല്‍കുന്നുണ്ട്.
1999 ലാണ് ഇന്ദു ഡൽഹിയിലെ എഞ്ചിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപികയായി പ്രവേശിച്ചത്. കോളേജിലെ പ്രൊഫസറായ ഇന്ദു പിന്നീട് മൂന്ന് വര്‍ഷം ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയായി. പിന്നെ ‘സീനിയര്‍ മോസ്റ്റ് ഡീന്‍’ എന്ന പദവിയും കിട്ടി.
“എഞ്ചിനീയറിംഗ് പഠനത്തിനായി പെണ്‍കുട്ടികള്‍ വരുന്നത് വളരെ കുറവാണ്. പെണ്‍കുട്ടികളുടെ എണ്ണം കൂട്ടാന്‍ പ്രവേശന പ്രക്രിയകളില്‍ അത്തരത്തിലുള്ള മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കും. വനിതകള്‍ കൂടുതലുള്ള ഡിടിയുവില്‍ അവരുടെ കുട്ടികളെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍വകലാശാലയില്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും അത് നിന്നുപോയിരുന്നു. അത് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഞാന്‍”. വൈസ് ചാന്‍സലര്‍ പദവി സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എങ്ങനെ സഹായകമാകും എന്ന ആലോചനയിലാണിപ്പോള്‍ ഇന്ദു.
ആലപ്പുഴ സ്വദേശി നാരായണ മേനോന്റെയും ശ്രീദേവിക്കുട്ടിയമ്മയുടെയും മകളാണ്. കൊല്ലം ടി.കെ.എം കോളജില്‍ എഞ്ചിനീയറിങ്ങിനു ശേഷം തിരുവനന്തപുരം സി.ഇ.റ്റി കോളജില്‍ നിന്നും എം ടെക് പൂര്‍ത്തിയാക്കി. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പിഎച്ഡി നേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here