വീണ്ടും ഒറ്റപ്പെൺകുട്ടി സംവരണം; പിജിക്കും അടുത്ത വർഷം മുതൽ നടപ്പാക്കാൻ ഡൽഹി സർവകലാശാല

ഓരോ ബിരുദാനന്തര കോഴ്‌സിലും ‘ഒറ്റപ്പെൺകുട്ടിക്ക് ഒരു കോഴ്‌സിന് ഒരു സീറ്റ്’ സംവരണം നടപ്പാക്കാൻ ഡൽഹി സർവകലാശാല. ബിരുദ തലത്തിൽ ഇതിനോടകം സവരണം നിലവിൽ വന്നു കഴിഞ്ഞു. 2025-26 അക്കാദമിക സെഷനിൽ കുടുംബങ്ങളിലെ ‘ഒറ്റപ്പെൺകുട്ടിക്കാ‘യി ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരു സീറ്റ് സംവരണം ചെയ്യാനാണ് നീക്കം. അക്കാദമിക് കൗൺസിൽ യോഗത്തിൽ ഈ നിർദേശം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
2023-24 അക്കാദമിക സെഷനിലാണ് ബിരുദ തലത്തിൽ ഈ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി ഈ വർഷം 69 കോളജുകളിലായി 764 വിദ്യാർത്ഥിനികൾക്ക് പ്രവേശനം ലഭിച്ചിരുന്നു. 2023-24 വർഷത്തിൽ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. പുതിയ തീരുദാനത്തിന് അംഗീകാരം ലഭിച്ചാൽ സർവകലാശാലയുടെ 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും പുതിയ സംവരണം ബാധകമാകും.
പുതിയ തീരുമാനം വഴി ഒറ്റപ്പെൺകുട്ടികൾക്കുള്ള പിന്തുണ വിപുലീകരിക്കാൻ കഴിയുമെന്നാണ് സർവകലാശാലയുടെ പ്രതീക്ഷ. ഇത്തരം പെണകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കാനാണ് സർവകലാശാലയുടെ ശ്രമമെന്നും അധികൃതർ വ്യക്തമാക്കി. സ്‌പോർട്‌സ്, വികലാംഗർ, സായുധ സേനാംഗങ്ങളുടെ കുട്ടികൾ, വിധവകളുടെ കുട്ടികൾ, അനാഥക്കുട്ടികൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് സർവകലാശാല സീറ്റുകൾ ഇതിനോടകം സംവരണം ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here