വീട്ടിൽ പ്രസവമെടുത്ത് ഭാര്യയെ മരണത്തിലേക്ക് തള്ളിവിട്ട സിറാജുദീൻ യൂട്യൂബിൽ ‘മടവൂർ ഖലീഫ’ !! സിദ്ധവൈദ്യവും മന്ത്രവാദവും ബിസിനസ്

പെരുമ്പാവൂർ സ്വദേശി അസ്മയെന്ന 35കാരി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ചതിൽ ഭർത്താവ് പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പായി. ആകെ നാലുകുട്ടികളുള്ള അസ്മയുടെ അവസാന രണ്ട് പ്രസവങ്ങളും വീട്ടിൽ തന്നെയായിരുന്നു. അഞ്ചാമത്തേതും വീട്ടിൽ നടത്താനുള്ള ശ്രമമാണ് ദുരന്തമായത്. പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന അസ്മയുടെ വീട്ടുകാരുടെ പരാതി ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആദ്യ രണ്ട് പ്രസവങ്ങൾക്ക് ശേഷം അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സ പഠിച്ചു. തുടർന്നാണ് പ്രസവങ്ങൾ വീട്ടിലാക്കിയത്. നാട്ടുകാരുമായി യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഇവർക്ക് നാല് മക്കളുള്ളതായി പോലും നാട്ടുകാരിൽ പലർക്കും അറിവില്ലായിരുന്നു. താൻ ഗർഭിണിയല്ലെന്ന് ആശാവർക്കർമാരോട് അസ്മ പറഞ്ഞതായും വിവരമുണ്ട്. ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും കുടുംബവും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് സിറാജുദീൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി ആംബുലൻസിൽ സിറാജുദ്ദീൻ മലപ്പുറത്ത് നിന്ന് പെരുമ്പാവൂരിലേക്ക് തിരിച്ചു. ആംബുലൻസ് ഡ്രൈവർ ചോദിച്ചപ്പോൾ ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് പറഞ്ഞു. രാത്രി 12നാണ് മരണവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിദ്ധവൈദ്യവും മന്ത്രവാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീൻ എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ‘മടവൂർ ഖലീഫ’ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാൾ ചെയ്തിരുന്നു. ഇതേ രീതികളാണ് സ്വന്തം ഭാര്യയുടെ കാര്യത്തിലും ഇയാൾ പ്രയോഗിച്ചത് എന്നാണ് ഇതുവരെയുള്ള വിവരം. നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടം നിർണായകമാകും.
അതേസമയം അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here