ആശങ്കയേറ്റി ഡങ്കി കണക്ക്; ഇക്കൊല്ലം ഇതുവരെ അയ്യായിരത്തിന് അടുത്ത് രോഗികള്‍, 16 മരണങ്ങളും; വലിയ വ്യാപനത്തിന് സാധ്യതയെന്ന് വിദഗ്ദ്ധര്‍; മുന്നൊരുക്കം അനിവാര്യം

തിരുവനന്തപുരം: ഇക്കഴിഞ്ഞ മെയ് 14 വരെ ഡങ്കിപ്പനി ബാധിച്ചത് 4926 പേര്‍ക്ക്. ഡങ്കി സംശയിച്ച് ചികിത്സയ്ക്ക് എത്തിയത് 12546 പേര്‍. 16 ഡെങ്കി മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇങ്ങനെ ആകെ ഡങ്കി ബാധിതരുടെ എണ്ണം അയ്യായിരത്തിന് അടുത്ത് എത്തി നില്‍ക്കുകയാണ്. ഇത്തവണ കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് തീവ്ര ഡങ്കി വ്യാപനമാകും എന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ഇവയെല്ലാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്ക് കൂടി പരിഗണിച്ചാല്‍ ഈ കണക്ക് പല മടങ്ങാകും. മഴക്കാലമായ ജൂണ്‍, ജൂലൈ മാസത്തില്‍ ഉണ്ടാകാറുള്ള വ്യാപനം ഇക്കൊല്ലം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.

ജനുവരി മുതല്‍ തന്നെ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ജനുവരി 1389, ഫെബ്രുവരി 1368, മാര്‍ച്ച് 904, ഏപ്രില്‍ 609, മെയ് 14 വരെ 328 എന്നിങ്ങനെയാണ് ഡങ്കി കണക്കുകള്‍. ചെറിയ രീതിയില്‍ രോഗ സാധ്യതയുള്ള മാസങ്ങളായ ജനുവരിയിലും ഫെബ്രുവരിയിലും ആയിരത്തിന് മുകളിലാണ് കണക്കുകള്‍. കനത്ത വേനല്‍ അനുഭവപ്പെട്ട മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവില്ല. ഈ സാഹചര്യത്തിലാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒരു വലിയ വ്യാപനം പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ്. 2017ലാണ് സംസ്ഥാനത്ത് ഡങ്കി കേസുകള്‍ കൂടുതലായി വര്‍ദ്ധിച്ചത്. എന്നാല്‍ ഇത്തവണ അതിലും വലിയ തോതിലുള്ള വ്യാപനം പ്രതീക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

ഡങ്കിപ്പിനിക്ക് അഞ്ച് വകഭേദങ്ങളാണുള്ളത്. അതില്‍ ഒന്നും രണ്ടും വകഭേദങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടുളളത്. കൂടുതല്‍ പേരില്‍ രോഗം ബാധിക്കുമ്പോള്‍ സ്വാഭാവികമായൊരു പ്രതിരോധം ഉണ്ടാകും. എന്നാല്‍ വൈറസുകളിലുണ്ടാകുന്ന ജനിതക മാറ്റം ഈ പ്രതിരോധത്തെ തകര്‍ക്കാന്‍ പര്യാപത്മാണ്. 2017ല്‍ ഉണ്ടായതിനേക്കാള്‍ വലിയൊരു വ്യാപനം പ്രതീക്ഷിക്കാം എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.

വൈറസിന് വകഭേദം വന്നോയെന്ന് കണ്ടെത്താൻ സൂക്ഷമമായ പരിശോധന വേണമെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.കെകെ പുരുഷോത്തമന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ സാഹചര്യം കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്. രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കുകയും അവയെല്ലാം ആദ്യം മുതല്‍ വിലയിരുത്തുകയും വേണം. ജനങ്ങളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും ഡോ.പുരുഷോത്തമന്‍ പറയുന്നു.

സംസ്ഥാനത്ത് നിലവില്‍ ഡങ്കിപ്പനി ബാധിക്കുന്നവരില്‍ 90 ശതമാനം പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങളോടെ ഭേദമാകുന്നതാണ് പതിവ്. 10 ശതമാനം പേര്‍ക്ക് മാത്രമാണ് ഗുരുതരപ്രശ്‌നങ്ങളുണ്ടാവുക. അതില്‍ ഒരു ശതമാനം രോഗികള്‍ക്ക് മാത്രമാകും അതിതീവ്രമായ രോഗാവസ്ഥയുണ്ടാവുക. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആശുപത്രികളും അതിന് അനുസരിച്ചുളള തായാറെടുപ്പുകള്‍ നടത്തണം.

ഡങ്കിപ്പനിക്ക് നാല് ഘട്ടങ്ങളാണുള്ളത്. വൈറസ് വാഹകരായ കൊതുക് കടിച്ച് 7 മുതല്‍ 14 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും. ആദ്യ മൂന്നു മുതല്‍ ഏഴ് ദിവസം വരെ പനി മാത്രമാകും പ്രകടമാവുക. രണ്ടാംഘട്ടമാണ് നിര്‍ണ്ണായകം. 48 മണിക്കൂറാണ് ഇത്. ഈ ഘട്ടത്തില്‍ ചികിത്സ അത്യാവശ്യമാണ്. ഒപ്പം ഡങ്കിയുടെ തോത് ഏത് തരത്തിലെന്ന് വിലയിരുത്തല്‍ വേണ്ടതും ഈ ഘട്ടത്തിലാണ്. ഈ ഘട്ടം കഴിഞ്ഞും രോഗം നിലനില്‍ക്കുകയാണെങ്കില്‍ അത് അപകടകരമായ അവസ്ഥയാണ്. ഈ സമയത്ത് നിര്‍ബന്ധമായും രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്തത്തിലെ കൗണ്ട് അടക്കം നിരീക്ഷിക്കണം. രക്തസ്രാവം ഉണ്ടോയെന്ന് കണ്ടെത്തുകയും അത്യാവശ്യമാണ്. രോഗം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ വെന്റിലേറ്റര്‍ അടക്കമുളള ചികിത്സാ സംവിധാനം ആവശ്യമായി വരും.

കൊതുകുജന്യ രോഗങ്ങളില്‍ എട്ടില്‍ ഏഴ് രോഗങ്ങളും കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഈ മുന്നറിയിപ്പുകള്‍ ലാഘവത്തോടെ എടുക്കാന്‍ കഴിയില്ല. ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ പിന്നിലാണ്. അവലോകന യോഗങ്ങളും വാര്‍ത്താക്കുറിപ്പുകളുമല്ലാതെ കാര്യമായൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം. ഈ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ കേരളം പനിക്കിടക്കയിലാകുക തന്നെ ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top