ഡെങ്കി അതിവേഗം പടരുന്നു; തിരുവനന്തപുരം അടക്കം മൂന്ന് ജില്ലകളില്‍ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: പകർച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഡെങ്കിപ്പനി അതിവേഗം പടരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഉന്നതതല യോഗം വിലയിരുത്തിയത്. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍. വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ചാണ് വിശകലനം നടത്തിയത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഈ ജില്ലകളിലെ നഗര, തീരദേശ പരിധികളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണ്. ഇടവിട്ട് മഴപെയ്യുന്നതിനാല്‍ ജാഗ്രതവേണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഡെങ്കിപ്പനിക്കൊപ്പം പകര്‍ച്ചപ്പനിയും കൂടുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അഭാവമാണ് പകര്‍ച്ചപ്പനി വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ജാഗ്രതയും കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യവും നല്‍കണം, ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നിങ്ങനെ വിവിധ നിര്‍ദ്ദേശങ്ങള്‍ ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച 86 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പം സാധാരണ പനിബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top