സ്കൂളിൽ നിന്ന് കൈക്കൂലി; ഡെ. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിൽ

കോട്ടയം: സ്കൂളിലെ ലിഫ്റ്റ് പരിശോധിച്ച് സുരക്ഷിതമെന്ന് റിപ്പോർട്ട് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻ.എൽ.സുമേഷിനെയാണ് ഏഴായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് കയ്യോടെ പിടികൂടിയത്. ഇയാൾക്ക് നൽകാൻ സ്കൂൾ മാനേജർക്ക് വിജിലൻസ് കൈമാറിയ കറൻസി നോട്ടുകൾ സുമേഷിന്റെ പഴ്സിൽ നിന്ന് പിടിച്ചെടുത്തു. പാല പോലീസ് സ്റ്റേഷനടുത്ത് വച്ചാണ് സുമേഷിനെ കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത കറൻസി നോട്ടുകളിലെ നമ്പറിന്റെ സീരീസ് വിജിലൻസ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്കൂളിൽ ഇൻസ്‌പെക്ഷന് എത്തിയ സുമേഷ് അനുകൂല റിപ്പോർട്ട് നൽകാൻ സ്കൂൾ മാനേജറോട് 10,000 രൂപ ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാനില്ലെന്നും സമയം വേണമെന്നും മാനേജർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ഏഴായിരം രൂപ നൽകാൻ സുമേഷ് പറഞ്ഞത്. ഫിനോഫ്ത്തലിൻ പൗഡർ പുരട്ടി വിജിലൻസ് നൽകിയ കറൻസിയാണ് മാനേജര്‍ സുമേഷിന് നൽകിയത്. നോട്ട് വാങ്ങിയ ശേഷം സുമേഷിന്റെ കൈ സോഡിയം കാർബണെറ്റ് ലായിനിയിൽ മുക്കി കൈക്കൂലി വാങ്ങിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഡിവൈഎസ്പി വി.ആര്‍ രവികുമാര്‍, സിഐമാരായ മഹേഷ്‌ പിള്ള, സുനുമോന്‍, രമേശ്‌.ജി, എസ്ഐമാരായ സ്റ്റാന്‍ലി തോമസ്‌, ജയ്മോന്‍ വി.എം, പ്രദീപ്‌ കുമാര്‍.പി.എന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Logo
X
Top