‘ഖേദിച്ച്’ ദേശാഭിമാനി; അംഗീകരിക്കില്ലെന്ന് മറിയക്കുട്ടി
ആർ.രാഹുൽ
അടിമാലി: പെൻഷൻ ലഭിക്കാത്തതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്ന വാർത്ത തിരുത്തി ദേശാഭിമാനി. മകൾ വിദേശത്താണെന്നും മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നുമുള്ള വാർത്തയിലാണ് സിപിഎം മുഖപത്രം തെറ്റ് തിരുത്തിയത്. മറിയക്കുട്ടിയുടെ പേരിൽ വീടും ഭൂമിയുമുണ്ടെന്ന വാർത്ത തെറ്റാണെന്ന് ആദ്യം കണ്ടെത്തിയത് മാധ്യമ സിൻഡിക്കറ്റായിരുന്നു.
തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പാർട്ടി പത്രത്തിൻ്റെ ഖേദപ്രകടനം . എന്നാൽ പത്രത്തിൽ വന്ന ഖേദപ്രകടനം അംഗീകരിക്കില്ലെന്നും വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മാപ്പു പറയേണ്ടവർ നേരിട്ട് വന്ന് പറയട്ടേയെന്നും അവർ കൂട്ടിച്ചേർത്തു.
“വിധവാ പെൻഷൻ കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനാ സമരം നടത്തിയ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകൾ പ്രിൻസിയുടെ പേരിലുള്ളത്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്ത പിശകാണ്. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാനിടയായത്”- എന്നാണ് ദേശാഭിമാനി തെറ്റ് തിരുത്തിക്കൊണ്ട് നൽകിയ വിശദീകരണം .
മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് താമസം. സാലി (ഡൽഹി), ശാന്ത (വയനാട്), ജാൻസി വിജയൻ (ആയിരമേക്കർ), പ്രിൻസി (അടിമാലി) എന്നിവരാണ് മക്കൾ.മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകൾ പ്രിൻസി വിദേശത്താണ് താമസിക്കുന്നതെന്നും വാർത്ത വരാനിടയായതിൽ ഖേദിക്കുന്നു ” – ദേശാഭിമാനി ഇന്ന് നൽകിയ തിരുത്തിൽ പറഞ്ഞിരിക്കുന്നത്.
ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാർത്ത പാർട്ടി മുഖപത്രത്തിൽ വന്നതിന് പിന്നാലെ സിപിഎം അനുകൂല സോഷ്യൽ മീഡീയ ഹാൻഡിലുകളും വാർത്ത വ്യാപകമായി പ്രചരിപ്പിച്ചു. സിപിഎം അനുകൂലികളുടെ സൈബർ ആക്രമണവും ഭീഷണിയും ശക്തമായതോടെയാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മന്നാംങ്കണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ തന്റെ പേരിൽ സ്വത്തുക്കളില്ലെന്ന സാക്ഷ്യപത്രവും മറിയക്കുട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങളും ഭീഷണിയും തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നൽകാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് മറിയക്കുട്ടിയുടെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here