ദേശാഭിമാനിയെ തള്ളി ജയരാജന്‍; മറിയക്കുട്ടിക്കെതിരെ നല്‍കിയ വാർത്ത പാർട്ടിക്ക് കളങ്കമുണ്ടാക്കി
തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ പാർട്ടി മുഖപത്രത്തിൽ വന്ന വാർത്ത സിപിഎമ്മിന് കളങ്കമുണ്ടാക്കിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ദേശാഭിമാനിക്ക് പറ്റിയ തെറ്റ് പാർട്ടിയെ ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പാർട്ടിക്ക് അതൊരു കളങ്കം തന്നെയാണ്. പക്ഷേ, എല്ലാ പാർട്ടികൾക്കും മാധ്യമങ്ങൾക്കും സംഭവിക്കുന്ന ചെറിയ പിശകുകൾ തന്നെയാണ് ദേശാഭിമാനിക്ക് പറ്റിയത്. അത് തിരുത്തി. ദേശാഭിമാനിക്കുണ്ടാകുന്ന പിശക് പാർട്ടിയെയാണ് ബാധിക്കുക. തീർച്ചയായും അത് പാർട്ടിയെ ബാധിച്ചു “- ഇ.പി. ജയരാജൻ പറഞ്ഞു.
അതേസമയം, മറിയക്കുട്ടി അടിമാലി കോടതിയിൽ ഹർജി സമർപ്പിച്ചു. ദേശാഭിമാനി ദിനപത്രവും സിപിഎം പ്രവർത്തകരും നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്കും സൈബർ ആക്രമണങ്ങള്‍ക്കും എതിരെയാണ് പരാതി. പെൻഷൻ മുടങ്ങാതെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകാനാണ് മറിയക്കുട്ടിയുടെ തീരുമാനം.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച അടിമാലി സ്വദേശി മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും ഭൂമിയും വീടുമുണ്ടെന്ന വ്യാജ വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അവര്‍ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വാർത്ത നൽകിയവർ നേരിട്ടോ കോടതിയിലോ എത്തി മാപ്പ് പറയണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം.അഭിഭാഷകൻ പ്രതീഷ് പ്രഭയാണ് മറിയകുട്ടിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. യൂത്ത് കോൺഗ്രസ് ദേവികുളം മണ്ഡലം കമ്മിറ്റിയാണ് നിയമ സഹായ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here