മോഹൻലാലിൻ്റെ അമ്മയെ പരേതയാക്കിയ ന്യൂസ് എഡിറ്റർ തെറിച്ചു; എവി അനിൽ കുമാറിനെതിരെ നടപടിയെടുത്ത് ദേശാഭിമാനി

മോഹൻലാലിൻ്റെ പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹത്തിൻ്റെ അമ്മ മരണപ്പെട്ടെന്ന് ഗുരുതരമായി തെറ്റു വരുത്തിയ ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മേധാവിയും സീനിയർ ന്യൂസ് എഡിറ്ററുമായ എവി അനിൽകുമാറിന് സസ്പെൻഷൻ. ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ എന്ന പേരിലാണ് ലേഖനം നൽകിയത്. മാധ്യമ സിൻഡിക്കറ്റ് ആയിരുന്നു തെറ്റുചൂണ്ടിക്കാട്ടി ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. “ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന ‘ജാഗ്രതക്കുറവ്’ വീണ്ടും; ദേശാഭിമാനി മോഹൻലാലിനോട് മാപ്പുപറയുമോ?” എന്ന കവർ സ്റ്റോറിയും വിവാദ ലേഖനവുമായി ബന്ധപ്പെട്ട് നൽകിയിരുന്നു.

ALSO READ: ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന ‘ജാഗ്രതക്കുറവ്’ വീണ്ടും; ദേശാഭിമാനി മോഹൻലാലിനോട് മാപ്പുപറയുമോ?

”എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…” എന്നായിരുന്നു അതിൽ പരാമർശിച്ചിരുന്നത്. ലേഖനത്തിൽ നടൻ്റെ അമ്മ മരിച്ചുവെന്ന വസ്തുതാ വിരുദ്ധമായ പരാമർശം കടന്നു വന്നത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ പത്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പത്രാധിപർ ഖേദപ്രകടനം നടത്തിയിരുന്നു.

ദേശാഭിമാനി ഫീച്ചര്‍ ഡസ്‌കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരു വച്ചതാണെന്ന് പത്രമാനേജ്മെൻറും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും കണ്ടെത്തിയിരുന്നു. മാധ്യമങ്ങളുടെ നുണ പ്രചാരണത്തിനെതിരെ ദേശാഭിമാനിയും പാര്‍ട്ടിയും അരയും തലയും മുറുക്കി രംഗത്ത് വന്ന സമയത്ത് സിപിഎം മുഖപത്രത്തിൽ വന്ന ഗുരുതരമായ തെറ്റ് വലിയ തിരിച്ചടിയായതായും സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

അനിൽ കുമാറിനു പകരക്കാരനായി കണ്ണൂർ ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് പി.സുരേശനു യൂണിറ്റിൻ്റെ ചുമതല നൽകി. സിപിഎം മുഖപത്രത്തിലെ സൈദ്ധാന്തിക പരിവേഷമുള്ള മാധ്യമ പ്രവർത്തകനാണ് അനിൽകുമാർ. ഇഎം.എസിൻ്റെ ജീവചരിത്രം ഉൾപ്പെടെ എൺപതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ചിന്ത മാസികയുടെ ചുമതലയും വഹിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top