പീഡനക്കേസിൽ ദേശാഭിമാനിക്ക് ഗുരുതര പിഴവ്; പ്രതിക്ക് പകരം പ്രസിദ്ധീകരിച്ചത് മറ്റൊരു പോലീസുകാരൻ്റെ ഫോട്ടോ!!
ഗുരുതര വാർത്താ പിഴവ് ആവര്‍ത്തിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇഎന്‍ സനീഷ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് പത്രത്തിന് വീണ്ടും തെറ്റുപറ്റിയത്. കേസിൽ പ്രതിയുടെ ചിത്രത്തിന് പകരം മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രമാണ് ദേശാഭിമാനി കൊടുത്തിരിക്കുന്നത്.
തൃക്കാക്കര സ്വദേശിയായ 40കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സനീഷിനെ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് നൽകിയ വാർത്തയിൽ യഥാർത്ഥ പ്രതിക്ക് പകരം കളമശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ രാജേഷ് എന്നയാളിൻ്റെ ഫോട്ടോയാണ് നൽകിയിരിക്കുന്നത്. വാർത്തക്കെതിരെ പരാതി നൽകാനാണ് രാജേഷിൻ്റെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന.
പ്രതിയായ പോലീസ് കോൺസ്റ്റബിൾ സനീഷ് കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജോലി ചെയ്തിരുന്നത് കളമശേരി സ്റ്റേഷനിലായിരുന്നു. അവിടെ നിന്നും സ്ഥലം മാറി ഇൻഫോ പാർക്ക് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് അറസ്റ്റിലാവുന്നത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. പരാതിക്കാരി താമസിക്കുക്കുന്ന ഫ്ലാറ്റിലെത്തി പ്രതി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പിന്നീട് നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
മോഹൻലാലിൻ്റെ പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹത്തിൻ്റെ അമ്മ മരണപ്പെട്ടെന്ന് ഗുരുതരമായി തെറ്റു വരുത്തിയ സംഭവത്തിൽ അടുത്തിടെ ദേശാഭിമാനി വലിയ വിമർശനം നേരിട്ടിരുന്നു. ചലച്ചിത്ര നടി കവിയൂർ പൊന്നമ്മ മരിച്ചതിൻ്റെ തൊട്ടടുത്ത ദിവസം മോഹൻലാൽ എഴുതിയത് എന്ന പേരിൽ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്.
”എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…” എന്നായിരുന്നു ലേഖനത്തിൽ പറഞ്ഞിരുന്നത്.
സിൻഡിക്കറ്റ് ആയിരുന്നു സിപിഎം മുഖപത്രത്തിൻ്റെ തെറ്റുചൂണ്ടിക്കാട്ടിയത്. “ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന ‘ജാഗ്രതക്കുറവ്’ വീണ്ടും; ദേശാഭിമാനി മോഹൻലാലിനോട് മാപ്പുപറയുമോ?” എന്ന കവർ സ്റ്റോറിയും വിവാദ ലേഖനവുമായി ബന്ധപ്പെട്ട് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പത്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പത്രാധിപർ ഖേദപ്രകടനം നടത്തിയിരുന്നു.
ദേശാഭിമാനി ഫീച്ചര്‍ ഡസ്‌കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരു വച്ചതാണെന്ന് പത്രമാനേജ്മെൻറും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും കണ്ടെത്തിയിരുന്നു. തുടർന്ന് ഗുരുതരമായി തെറ്റു വരുത്തിയ ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മേധാവിയും സീനിയർ ന്യൂസ് എഡിറ്ററുമായ എവി അനിൽകുമാറിനെ പത്രത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here