വിചിത്രവാദവുമായി പ്രതി; കോവിഡ് വാക്സിന്‍ മാതൃകയില്‍ ഇന്‍ജക്ഷന്‍ നല്‍കാന്‍ ആഗ്രഹം; വീട്ടിൽകയറി വയോധികയെ കുത്തിവച്ചത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്

റാന്നി: കോവിഡ് വാക്സിന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നടത്തിയ വലഞ്ചുഴി സ്വദേശി ആകാശിന്‍റെ (22) അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് വാക്സിന്‍ എടുത്തശേഷം ആര്‍ക്കെങ്കിലും കുത്തിവയ്പ്പ് നല്‍കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായി പ്രതി മൊഴി നല്‍കി. മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും പോലീസ് സംശയിക്കുന്നു.

കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു അജ്ഞാതൻ കുത്തിവയ്പ്പ് നടത്തിയെന്നായിരുന്നു പരാതി. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് കുത്തിവയ്പ്പ് എടുത്തത്. വാക്സിന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവയ്ക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവച്ചു. അതിനായി ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി കത്തിച്ചുകളയാന്‍ പ്രതി നിര്‍ദേശിച്ചു.

അസാധാരണമായ സംഭവത്തില്‍ കേസെടുത്ത റാന്നി പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. കുത്തിവയ്പ്പ് ലഭിച്ച ചിന്നമ്മക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top