അപമാനിക്കപ്പെട്ടിട്ടും മിണ്ടാനാവാതെ ജോസ് കെ. മാണി, ആദ്യ കത്തിൽ ഇല്ലാത്ത പേര് പിന്നീട് എഴുതി ചേർത്തതെന്ന് വെളിപ്പെടുത്തൽ വന്നിട്ടും പ്രതികരണമില്ല, ഒറ്റുകാരനെ തള്ളിപ്പറയുമോ എന്ന് കണ്ടറിയണം

കോട്ടയം: സോളാർ പീഡനക്കേസിൽ തന്റെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന വെളിപ്പെടുത്തലുണ്ടായിട്ടും പ്രതികരിക്കാനാകാതെ വിഷമവൃത്തത്തിലാണ് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. ഇടതുനേതാക്കളുടെ അറിവോടെയും കെ.ബി. ഗണേഷ് കുമാറിന്റെ താൽപര്യപ്രകാരവുമാണ് ജോസിന്റെ പേര് എഴുതിച്ചേർത്തതെന്ന അഭിഭാഷകനായ ഫെനി ബാലകൃഷണന്റെ വെളിപ്പെടുത്തൽ വന്നിട്ടുപോലും മാണി ഗ്രുപ്പുകാർ തികഞ്ഞ മൗനത്തിലാണ്.

വീഡിയോ കാണാം..



സത്യം വളരെക്കാലത്തേക്ക് മൂടിവെയ്ക്കാനാകില്ല. നുണ പ്രചാരങ്ങൾ നടത്തി തന്നെ വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടിയെന്നും അത് ആഘോഷിക്കുമ്പോൾ വലിയ വേദനയുണ്ടായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ചെയ്യാത്ത തെറ്റുകൾ ആവർത്തിച്ച് പറഞ്ഞു ക്രൂരമായി ക്രൂശിച്ചു. ഗൂഢാലോചനയുണ്ടെന്നു അന്നും പറഞ്ഞിരുന്നു. ഇന്നത് സത്യമാണെന്നു തെളിഞ്ഞു. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കുന്നതിനോട് അനുകൂലിച്ചോ എതിർത്തോ മാണി ഗ്രൂപ്പ് അഭിപ്രായം ഇതുവരെയും പറഞ്ഞിട്ടില്ല. പാർട്ടി ചെയർമാനെ പീഡന ക്കേസിൽ കുടുക്കാൻ ശ്രമിച്ച വ്യക്തി മന്ത്രിയാകുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നാണ് ബഹുഭൂരിപക്ഷം അണികളുടെയും നിലപാട്. മുന്നണിയിലെ ധാരണപ്രകാരം ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ പരസ്യമായി തള്ളിപ്പറഞ്ഞാൽ പിന്നെ ഇടതുമുന്നണിയിൽ തുടരാനാവില്ല. അങ്ങനെ സംഭവിച്ചാൽ പാർട്ടിയിൽ പിളർപ്പ് നേരിടേണ്ടിവരും. ലോക് സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ഒരു മുന്നണി മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരമാണ് ജോസ് കെ. മാണിയുടെ പേര് രണ്ടാമത് എഴുതിച്ചേർത്തതെന്നായിരുന്നു ഫെനിയുടെ വെളിപ്പെടുത്തൽ. ജയിലിൽ വച്ച് അതിജീവിത എഴുതിയ കത്തിൽ ജോസിന്റെ പേരുണ്ടായിരുന്നില്ല. ഗണേഷ് ആവശ്യപ്പെട്ട പ്രകാരമാണ് പേര് ഉൾപ്പെടുത്തിയതെന്നാണ് ഫെനി മാധ്യമങ്ങളോട് പറഞ്ഞത്. കെ എം മാണിയെ കോഴ മാണിയെന്നാക്ഷേപിക്കുകയും, ബജറ്റ് വിൽക്കുകയും ചെയ്ത ആളെന്നൊക്കെ അധിക്ഷേപിച്ച ഇടതുമുന്നണിയിൽ ചേർന്നതിനെതിരെ തന്നെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു. അതിനിടയിലാണ് ഈ പുതിയ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.

ജോസ് കെ മാണിക്കെതിരെ ഗൂഢാലോചന നടത്തിയ സി പി എമ്മിനും ഗണേഷ് കുമാറിനുമൊപ്പം എങ്ങനെ ചേർന്നുപോകുമെന്ന ആശയക്കുഴപ്പം ജോസിനെയും പാർട്ടിയെയും അലട്ടുന്നുണ്ട്. ഈ പ്രതിസന്ധിയെക്കുറിച്ചു അണികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന കാര്യത്തിലും നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. ഗൂഢാലോചന നടത്തിയവർക്കെതിരെ പ്രതികരിക്കാത്തതും പാർട്ടിക്കുള്ളിൽ ചർച്ചയാണ്. ഗൂഢാലോചനയിൽ നേരിട്ടും അല്ലാതെയും ചില സിപിഎം നേതാക്കൾക്കും ബന്ധമുണ്ടെന്ന അടക്കം പറച്ചിലുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പാർട്ടി ചെയർമാനെ പീഡനക്കേസിൽ കുടുക്കാൻ ശ്രമം നടന്നുവെന്ന തുറന്നുപറച്ചിലിനോട് പ്രതികരിച്ചാലുമില്ലെങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ബാർ കോഴക്കേസിൽ സിപിഎമ്മിനോട് പൊറുത്തതുപോലെ ഈ വിഷയത്തിലും ഗണേഷിനോടും സമരസപ്പെട്ടു പോവുകയല്ലാതെ ജോസിനു മുന്നിൽ തൽക്കാലം മറ്റു വഴികളില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുണ്ടെന്നു പറയുന്ന പഞ്ചായത്തുകളിലൊക്കെത്തന്നെ ഇടതു സ്ഥാനാർഥി ബഹുദൂരം പിന്നിലായിരുന്നു. മാണി ഗ്രുപ്പിന്റെ വോട്ടുകളിൽ ഗണ്യമായ ചോർച്ചയുണ്ടായിയെന്നു അന്നുതന്നെ തെളിഞ്ഞതാണ്. ഭരണ വിരുദ്ധ വികാരം കേരള കോൺഗ്രസ് അണികളിലും പ്രകടമായി എന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.

Logo
X
Top