‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’; അരിഘട്ട് ചൈനക്കുള്ള താക്കീതോ? രണ്ട് ആണവ അന്തർവാഹിനികൾ പണിപ്പുരയില്‍
ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് ഇന്ന് വിശാഖപട്ടണത്തിൽ കമ്മിഷൻ ചെയ്തു. നിലവിലുള്ള ഐഎൻഎസ് അരിഹന്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പാണിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി, ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ കമ്മിഷനിംഗിൽ പങ്കെടുത്തു.
അരിഘട്ടിൻ്റെ പ്രത്യേകതകൾ
അരിഹന്ത് എന്ന സംസ്കൃത വാക്കിനർത്ഥം ‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’ എന്നാണ്. സമാനമായ അർത്ഥമുള്ള പേരാണ് പരിഷ്കരിച്ച പതിപ്പായ അരിഘട്ടിനും നല്‍കിയിരിക്കുന്നത്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെൻ്ററാണ് (എസ്ബിസി) നിർമിച്ചിരിക്കുന്നത്. അരിഘട്ടിന് വെള്ളത്തിനടിയിലൂടെ പരമാവധി 24 നോട്ട് (44 കി.മീ/മണിക്കൂർ) വേഗത്തിലും ജലോപരിതലത്തിലൂടെ 1215 നോട്ട് (മണിക്കൂറിൽ 2228 കി.മീ) വേഗതയിലും സഞ്ചരിക്കാനാകും. 6,000 ടൺ ഭാരമാണുള്ളത്. 112 മീറ്ററാണ് നീളം.
ഐഎൻഎസ് അരിഹന്തിന് സമാനമായ ഹംപാണ് ഉള്ളതെങ്കിലും അരിഘട്ടിന് നാല് വിക്ഷേപണ ട്യൂബുകളുണ്ട്. 750 കിലോമീറ്റർ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ 3,500 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള നാല് കെ4 ആണവ മിസൈലുകളോ വഹിക്കാനുള്ള ശേഷി അരിഘട്ടിനുണ്ട്. അരിഹന്തിന്റേതിന് സമാനമായി 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടർ തന്നെയാണ് അരിഘട്ടിനും കരുത്തേകുന്നത്. പരമ്പരാഗത ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളിൽനിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയിൽ തന്നെ തുടരാൻ ഈ പ്രത്യേകത അരിഘട്ടിനെ സഹായിക്കും.
ഇന്തോ-പസഫിക് മേഖലയിലെ ദീർഘദൂര പട്രോളിങ്ങാണ് പുതിയ ആണവ അന്തർവാഹിനികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. അരിഹന്തും സമാനമായ ചുമതലയാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം രണ്ട് ആണവ അന്തർവാഹിനി വഴിയുള്ള നിരീക്ഷണത്തിലൂടെ മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യക്ക് പ്രതിരോധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിദാമാൻ അടുത്ത വർഷം കമ്മിഷൻ ചെയ്യുമെന്നാണ് വിവരം. എസ്4 എന്ന രഹസ്യ നാമം നൽകിയിട്ടുള്ള നാലാം ആണവ അന്തർവാഹിനിയും നിർമാണത്തിലെന്നാണ് റിപ്പോർട്ടുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here