‘ദേവദൂതന്‍’ റീ റിലീസ് ചെയ്യുന്നു; തിയറ്ററില്‍ പരാജയപ്പെട്ട മോഹന്‍ലാല്‍-സിബി മലയില്‍ ചിത്രത്തിന്റെ രണ്ടാം വരവില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

കാലം തെറ്റിയിറങ്ങിയ സിനിമ എന്നാണ് ആരാധകര്‍ ദേവദൂതന്‍ എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ 2000ത്തിലാണ് റിലീസ് ചെയ്തത്. ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കള്‍ട്ട് ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിക്കുന്നു. എന്നാല്‍ എന്നാണ് ചിത്രം വീണ്ടും തിയറ്ററില്‍ എത്തുന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന നാടകപ്രവര്‍ത്തകനായി മോഹന്‍ലാല്‍ എത്തിയ ദേവദൂതന്‍ ഒരു ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ആയിരുന്നു. ജനാര്‍ദ്ദനന്‍, ജഗതി, ജഗദീഷ്, ജയപ്രദ, വിനീത് കുമാര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് വിദ്യാസാഗര്‍ ആണ്. അന്നും ഇന്നും ചിത്രത്തിലെ പാട്ടുകള്‍ സംഗീത പ്രേമികളുടെ പ്ലേ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്.

ദേവദൂതന്‍ റി മാസ്റ്റേര്‍ഡ് ഫോര്‍ കെ അറ്റ്‌മോസ് പതിപ്പ് തയാറാകുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകന്‍ സിബി മലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സ്ഫടികവും നേരത്തെ റീ റിലീസ് ചെയ്തിരുന്നു. വലിയ ആരവത്തോടെയാണ് ആടുതോമയുടെ രണ്ടാം വരവിനെ ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിലെ മറ്റൊരു ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും റീ റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് ദേവദൂതന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത എത്തിയത്. വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ രണ്ടാം വരവ് തിയറ്ററുകളില്‍ ഇക്കുറി കാര്യമായ ചലനം സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top