ശബരിമലയിൽ സ്പോട്ട് ബുക്കിംഗില്ലെന്ന് ഉറപ്പിച്ച് ദേവസ്വം ബോർഡ്; വരുമാനം മാത്രമല്ല ലക്ഷ്യമെന്ന് വിശദീകരണം

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് വാർത്താ സമ്മേളത്തിൽ പറഞ്ഞു. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും അദ്ദേഹം തീരുമാനിച്ചു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ദേവസ്വം ബോർഡ് നിലപാട് അറിയിച്ചിരിക്കുന്നത്.
മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരും വെർച്ചൽ ക്യൂവിലേക്ക് വരില്ല. തീരുമാനം ഇരുമ്പുലക്കയല്ല. ഇപ്പോഴത്തെ തീരുമാനം വെർച്വൽക്യൂ മതിയെന്നാണ്. സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. സ്പോട്ട് ബുക്കിംഗ് കൂടി വന്നാൽ ഭക്തർക്ക് ആശ്വാസകരമല്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡൻറ് മറുപടി നൽകി.
വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ലക്ഷ്യം. ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാർ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. വെർച്വൽ ക്യൂ ആധികാരികമായ രേഖയാണ്. സർക്കാർ തീരുമാനത്തെ തമിഴ്നാട് സ്വാഗതം ചെയ്തിട്ടുണ്ട്. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ മൂന്നു മണി മുതൽ 1മണി വരെയും ഉച്ചക്ക് മൂന്നു മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
സ്പോട്ട് ബുക്കിംഗ് പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിംഗ് ആക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം ദേവസ്വം ബോർഡ് ശരിവച്ചിരിക്കുന്നത്. പ്രതിപക്ഷവും അതിനെതിരെ രംഗത്ത് വന്നിരുന്നു. തീര്‍ഥാടനം സുഗമമാക്കാനും തിരക്കു നിയന്ത്രിക്കാനുമാണ് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയതെന്നായിരുന്നു ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ മറുപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here