ജെഡിഎസ്-എൻഡിഎ സഖ്യത്തെ പിണറായി അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ദേവഗൗഡ

ബംഗളൂരു: ജെഡിഎസ് -എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി സമ്മതം നൽകിയെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. സഖ്യത്തെ സിപിഎം അനുകൂലിക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും കേരളത്തിൽ ജെഡിഎസ് സംസ്ഥാന ഘടകം എൽഡിഎഫ് സർക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കർണാടകയ്ക്ക് പുറത്തുള്ള പാർട്ടി ഘടകങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അഭിപ്രായഭിന്നതകൾ തുടരുന്നു. സിപിഎം നേതാക്കൾ അവരുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ പറഞ്ഞു. ഇടത് മുഖ്യമന്ത്രി ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് പരിപൂര്‍ണസമ്മതം നല്‍കിയെന്നും ഇത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് സിപിഎം തിരിച്ചറിഞ്ഞുവെന്നുമായിരുന്നു ദേവഗൗഡ നേരത്തെ നടത്തിയ പ്രസ്താവന. ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിൽ വിശദീകരണവുമായി ദേവഗൗഡ രംഗത്തെത്തിയത്.

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല.

ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top