കര്‍ണ്ണാടകയിലെ ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന് ദേവഗൗഡ, നിഷേധിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം : കര്‍ണ്ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ സമ്മതമുണ്ടായിരുന്നതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ. അതുകൊണ്ടാണ് കേരളത്തിലെ പിണറായി സര്‍ക്കാറില്‍ ഇപ്പോഴും പാര്‍ട്ടിയുടെ എം.എല്‍എ മന്ത്രിയായി തുടരുന്നത്. പാര്‍ട്ടിയെ രക്ഷിക്കുന്നതിന് ബിജെപിക്കൊപ്പം ചേരുന്നതിന് പൂര്‍ണ്ണ പിന്തുണയാണ് പിണറായി വിജയന്‍ നല്‍കിയത്. പാര്‍ട്ടിയുടെ കേരള ഘടകവും ഇത് അംഗീകരിച്ചിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്നു പോകുന്നതിന്റെ കാരണം മനസിലാക്കിയാണ് ഇത്തരമൊരു തീരുമാനത്തെ എല്ലാവരും അംഗീകരിച്ചതെന്നും ദേവഗൗഡ വ്യക്തമാക്കി. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് സി.എം.ഇബ്രാഹിമ്മിനെ പുറത്താക്കിയ കാര്യം അറിയിക്കുന്നതിന് വിളിച്ച പത്രസമ്മേളനത്തിലാണ് ദേവഗൗഡ ഇക്കാര്യം വ്യക്തമാക്കിയത്.
കേരള ഘടകത്തിന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളുന്നതാണ് ദേവഗൗഡയുടെ പ്രസ്താവന. കേരളത്തില്‍ സ്വതന്ത്രനിലപാട് സ്വീകരിക്കാന്‍ ദേവഗൗഡ അനുമതി നല്‍കിയെന്നായിരുന്നു കേരള ഘടകത്തിന്റെ ഇതുവരെയുള്ള നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടതു മുന്നണിക്കൊപ്പം തുടരുമെന്നായിരുന്നു ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യ ടി തോമസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇവയെല്ലാം പാടെ തള്ളുന്നതാണ് ദേവഗൗഡയുടെ പ്രഖ്യാപനം. ഇത് സംസ്ഥാന നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നുറുപ്പാണ്.
ദേവഗൗഡയുടെ പ്രസ്താവനെയെ സംസ്ഥാന ഘടകം പൂര്‍ണ്ണമായും തള്ളുകയാണ്. സഖ്യം സംബന്ധിച്ച് ദേവഗൗഡയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവഗൗഡ ഒരു ചര്‍ച്ചയും ഒരിടത്തും നടത്തിയിട്ടില്ല. എന്‍ഡിയെ സഖ്യത്തിലേക്കില്ലെന്നതാണ് കേരളഘടകത്തിന്റെ നിലപാടെന്നും ഇത് ദേശിയ നേതൃത്വത്തെ അറിയിച്ചതായും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ബിജെപി സഖ്യത്തില്‍ എത്തിയ ജെഡിഎസിനെ ഇടത് മുന്നണിയില്‍ നിലനിര്‍ത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന പ്രതിപക്ഷം ദേവഗൗഡയുടെ പ്രസ്താവനും ആയുധമാക്കുന്നുണ്ട്. സിപിഎം ബിജെപി അന്തര്‍ധാര പുറത്തു കൊണ്ടു വരുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായി സര്‍ക്കാര്‍ ബിജെപിയുടെ കുട്ടിയാണ്. ലാവലിന്‍ കേസും സ്വര്‍ണ്ണകള്ളക്കടത്തു കേസുമെല്ലാം അട്ടിമറിക്കുന്നത് ഈ അന്തര്‍ധാരയുടെ ഭാഗമാണ്. ബിജെപി വിരുദ്ധത പറയുന്ന പിണറായിയുടെ പൊയ്മുഖം അഴിഞ്ഞു വീണതായും ചെന്നിത്തല പറഞ്ഞു. സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ.മുരളീധരനും വിമര്‍ശിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ തന്നെ മന്ത്രിയെ പുറത്താക്കണമായിരുന്നു. എന്നാല്‍ സിപിഎം ഇതിന് തയാറാകാത്തത് ബിജെപിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നും മുരളീധരന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here