മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്; ബിജെപി മുഖ്യമന്ത്രിക്ക് പ്രശംസയുമായി ശിവസേന മുഖപത്രമായ സാമ്ന
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പ്രശംസയുമായി ശിവസേന ഉദ്ധവ് വിഭാഗം മുഖപത്രമായ സാമ്ന. ‘അഭിനന്ദൻ ദേവഭൗ’ (അഭിനന്ദനങ്ങൾ ദേവേന്ദ്ര) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് പ്രശംസ. നക്‌സലൈറ്റ് ജില്ലയായ ഗഡ്ചിരോളിക്ക് ഉരുക്ക് നഗരത്തിൻ്റെ പുതിയ മുഖഛായ നൽകാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുവെങ്കിൽ ഈ നല്ല ഉദ്യമത്തെ അഭിനന്ദിക്കണം. തീർച്ചയായും കൈയ്യടി അർഹിക്കുന്നു. നക്‌സലിസത്തെ മാറ്റി വികസനവും പുരോഗതിയും കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമായ നടപടിയാണ്.- സാംമ്ന തുടരുന്നു.
ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുമായി പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സേന (യുബിടി) മുഖപത്രം ഫഡ്‌നാവിസിനെ പ്രശംസിച്ചത് . ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ശിവസേനയുടെ ഏകനാഥ് ഷിൻഡെയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ പിളര്‍ത്തിയതില്‍ ഷിന്‍ഡേയോട് കടുത്ത എതിര്‍പ്പിലായിരുന്നു ഉദ്ധവ്. അതുകൊണ്ട് ഈ കൂടിക്കാഴ്ചയും പിന്നാലെ വന്ന സാമ്നയിലെ മുഖപ്രസംഗത്തിലെ പുകഴ്ത്തലും പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് വിഭാഗം തകര്‍ന്നടിഞ്ഞിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഫഡ്‌നാവിസിന്‍റെ നല്ല പ്രവൃത്തിക്കുള്ള പ്രശംസ മാത്രമാണിതെന്നാണ് പത്രത്തിന്റെ എഡിറ്ററും സേന രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന്റെ പ്രതികരണം.
ഫഡ്‌നാവിസിൻ്റെ നല്ല പ്രവൃത്തി സാമ്‌ന ശ്രദ്ധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് ബവൻകുലെ പ്രതികരിച്ചത്. എന്‍സിപിയിലെ ഇരുവിഭാഗങ്ങളും തമ്മില്‍ യോജിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലാണ് സാമ്നയുടെ പ്രശംസയും എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here