ദേവികുളം തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി; നിര്‍ണായകമാവുക കണ്ണൻദേവൻ കമ്പനി രേഖ

ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി. 1950ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ കമ്പനിയുടെ രേഖയാണ് കേസിൽ നിർണായകമാകുക.
രാജയുടെ പൂര്‍വികര്‍ 1940കളിലാണ് ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടി തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയത്. കുടിയേറുന്ന സമയത്ത് തമിഴ്നാട്ടിൽ സംവരണത്തിന് അർഹത ഉണ്ടായിരുന്ന ഹിന്ദു പറയർ വിഭാഗക്കാരായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10നാണ്. അതിനുമുന്‍പ് തന്നെ രാജയുടെ പൂര്‍വികര്‍ കേരളത്തില്‍ എത്തിയിരുന്നു.
തമിഴ്നാട്ടിലെ സംവരണത്തിന് കേരളത്തിലും അര്‍ഹതയുണ്ടെന്നാണ് രാജക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ഗിരിയും അഭിഭാഷകൻ ജി.പ്രകാശും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
1950 ഓഗസ്റ്റ് 10ന് മുമ്പാണോ രാജയുടെ പൂര്‍വികര്‍ കുടിയേറിയതെന്ന് തെളിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതോടെയാണ് തന്റെ അച്ഛന്റെ അമ്മ പുഷ്പം 1950ന് മുമ്പ് കേരളത്തിൽ എത്തിയതിന്റെ രേഖകള്‍ രാജ സുപ്രീം കോടതിയിൽ ഹാജരാക്കിയത്. സംവരണ സമുദായങ്ങളെ ഓരോ സ്ഥലത്തെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനിക്കുന്നതെന്ന് കേസിലെ എതിർകക്ഷിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഡി.കുമാറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നരേന്ദ്ര ഹുഡയും അഭിഭാഷകൻ അൽജോ കെ. ജോസും വാദിച്ചിട്ടുണ്ട്.
എ.രാജയുടെ അച്ഛൻ ആന്റണിയും അമ്മ ഈശ്വരി (എസ്തറും) ഉൾപ്പടെ മുഴുവൻ കുടുംബവും 1992ൽ ക്രിസ്തുമതത്തിലേക്ക് മതം മാറിയതായാണ് കുണ്ടള എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത് എന്നും കുമാറിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി ദേവികുളം തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. പിന്നാലെ രാജ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടുണ്ട്. ഈ ഹര്‍ജിയിലെ അന്തിമവാദമാണ് നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here