പന്തളത്ത് തീര്‍ത്ഥാടനം അവസാനിപ്പിച്ച് അയ്യപ്പന്മാര്‍; തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്

പത്തനംതിട്ട: ശബരിമലയിൽ എത്തി ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തർ പന്തളത്ത് മാലയൂരി മടങ്ങുന്നു. എട്ടും ഒൻപതും മണിക്കൂർ കാത്തു നിന്നിട്ടും മലകയറാൻ സാധിക്കാത്തത് കൊണ്ടാണ് അയ്യപ്പന്റെ കുടുംബമെന്ന് സങ്കൽപ്പമുള്ള പന്തളത്ത് ചടങ്ങുകൾ നടത്തി മാലയൂരുന്നത്. ശബരിമല ദർശനം കിട്ടാതെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നെയ്യഭിഷേകം നടത്തിയിട്ടാണ് അയ്യപ്പന്മാർ മടങ്ങുന്നത്. ഇത്രയുംകാലമില്ലാത്ത തിരക്കും ദുരിതവുമാണ് ഭക്തർ ഇപ്പോൾ അനുഭവിക്കുന്നത്. നിലയ്ക്കലിലും കഴിഞ്ഞ ദിവസം അയ്യപ്പന്മാർ മാലയൂരിയിരുന്നു. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് ഇത്തരത്തിൽ തീര്‍ത്ഥാടനം അവസാനിപ്പിക്കുന്നത്.

ശബരിമലയിൽ നിന്ന് ദർശനം കഴിഞ്ഞവരെ തിരികെ എത്തിക്കാൻ ചെങ്ങന്നൂര് നിന്നും അയച്ച കെഎസ്ആർടിസി ബസുകൾ ഗതാഗത കുരുക്കിൽപ്പെട്ട് കിടക്കുന്നത്കൊണ്ട് ദർശനം കഴിഞ്ഞ ഭക്തര്‍ക്കും മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാൻ മതിയായ പോലീസ് ഇല്ലാത്തതാണ് തീര്‍ത്ഥാടനം താളം തെറ്റാൻ കാരണമെന്ന് ആരോപണമുണ്ട്. ഭക്തരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണെങ്കിലും തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് സാധിക്കുന്നില്ല.

നവകേരള സദസിന്റെ സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്കിട്ടത് ശബരിമല തീര്‍ത്ഥാടനത്തിന് തിരിച്ചടിയായിട്ടുണ്ട്. പരിചയസമ്പത്തുള്ള പോലീസുകാർ ഇല്ലാത്തതാണ് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. എന്നാൽ ശബരിമല തീർത്ഥാടനത്തിന് ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നവകേരള സദസിനിടെ തേക്കടിയിൽ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം.

കന്നുകാലികളെ കൈകാര്യം ചെയ്യുന്ന പോലെയാണ് അയ്യപ്പ ഭക്തന്മാരെ കൈകാര്യം ചെയ്യുന്നതെന്നും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെ എസ് ആർ ടി സി ബസുകളാണ് ശബരിമല സർവീസിനായി ഉപയോഗിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവരടങ്ങുന്ന യു ഡി എഫ് സംഘം ഇന്ന് ശബരിമല സന്ദർശിച്ചിരുന്നു. അതേസമയം അയ്യപ്പഭക്തർ നേരിടുന്ന ദുരിതം മനസിലാക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡിസംബർ 14 ന് ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top