പോലീസ് പെരുമാറ്റം നന്നാക്കാനുള്ള ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍ 1965ല്‍; നല്ലനടപ്പ് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ നേര്‍ചിത്രം ദര്‍വേഷ് സാഹിബിന്റെ സര്‍ക്കുലറില്‍

തിരുവനന്തപുരം : പൊതുജനങ്ങളോടുള്ള മോശം പെരുമാറ്റം തിരുത്തണമെന്നാവശ്യപ്പെട്ട് പതിനൊന്നാമത്തെ തവണയാണ് പോലീസ് മേധാവി സേനാംഗങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കുന്നത്. മാന്യമായി പെരുമാറണമെന്നും അസഭ്യം പറയരുതുമെന്നുമാണ് ഇപ്പോഴത്തെ സര്‍ക്കുലറിലും പോലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്. 1965 മെയ് 28ന് അന്നത്തെ പോലീസ് മേധാവിയായ എന്‍.രാമയ്യര്‍ ഐപിഎസാണ് ഇത്തരമൊരു ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്. 1964 മുതല്‍ 1967 വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു രാമയ്യര്‍. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് രണ്ടാമത്തെ സര്‍ക്കുലര്‍ ഡിജിപിയിറക്കിയത്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും സര്‍ക്കുലറിന് സേനയില്‍ ഒരു വിലയും ലഭിച്ചില്ലെന്നതാണ് വീണ്ടും സര്‍ക്കുലറുകള്‍ പുറത്തു വരുന്നതിലൂടെ വ്യക്തമാകുന്നത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതിയ സര്‍ക്കുലറില്‍(സര്‍ക്കുലര്‍ നമ്പര്‍ 2/24 PHQ) പോലീസ് നടപടികളുടെ ഓഡിയോ, വിഡീയോ ചിത്രീകരിക്കുന്നത് ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. സ്റ്റേഷനില്‍ എത്തുന്നവരോട് മാന്യതയക്കും അന്തസിനും നിരക്കാത്ത രീതിയില്‍ അഭിസംബോധന ചെയ്യുന്നതും സംസാരിക്കുന്നതും ശ്രദ്ധയില്‍പെട്ടതായും ഇത് അവസാനിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. പരിശീലന സമയത്ത് തന്നെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ എടുത്ത് പറയുന്നുണ്ട്.

പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി അടുത്തമാസം ആറിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ തിരക്കിട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐ റനീഷും അഭിഭാഷകനായ അഖീബ് സുഹൈലും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണനയില്‍ വരുന്നത്. കേസിന്റ ഭാഗമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനുമായി തര്‍ക്കിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും ദ്യശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകര്‍ പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോലീസുകാര്‍ക്ക് രാജാക്കന്‍മാരാണെന്ന തോന്നല്‍ ഉണ്ടാവരുത്. ജനങ്ങളാണ് പരമാധികാരികള്‍. അത് മറക്കരുത്. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുളള മനോധൈര്യമാണ് സേനയ്ക്കുണ്ടാവേണ്ടത്. പോലീസുകാരെക്കുറിച്ചുള്ള നിരന്തരം പരാതികളാണ് കോടതികളില്‍ എത്തുന്നതെന്നും ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top