ഗവര്‍ണറെ തടഞ്ഞതില്‍ സുരക്ഷാവീഴ്ചയില്ല; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജനക്കൂട്ടത്തില്‍ നിന്ന് ചാടി വീണു; ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി. ചീഫ്‌സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തില്‍ പൊലീസിന് ബോധപൂര്‍വ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ല. വാഹന വ്യൂഹം കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. പ്രതിഷേധമുണ്ടായത് അപ്രതീക്ഷിതമായിട്ടായിരുന്നു. ജനക്കൂട്ടത്തിനുള്ളില്‍ നിന്നും എസ്എഫ്‌ഐക്കാര്‍ പൈലറ്റ് വാഹനത്തിന്റെ മുന്നില്‍ ചാടി വീഴുകയായിരുന്നുവെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനം തടഞ്ഞ 7 പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍, എസ്‌ഐ എന്നിവരില്‍ നിന്നും വിശദീകരണം തേടിയെന്നും ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷാവീഴ്ചയില്‍ രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞത്. കാറില്‍ അടിച്ചതോടെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധക്കാരുമായി തര്‍ക്കിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത 7 പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് പോലീസ് ആദ്യം ചുമത്തിയത്. എന്നാല്‍ ഗവര്‍ണര്‍ നിലപാട് കർശനാമാക്കിയതിനെ തുടര്‍ന്നാണ് ഗൗരവമുള്ള ഐപിസി 124 ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top