ഡിജിപിയുടെ അധികാരത്തിൽ കൈവച്ചു, എസ്പിക്ക് കൈപൊള്ളി; കണ്ണൂരിലെ പോലീസുകാരുടെ ട്രാൻസ്ഫർ ഡിജിപി റദ്ദാക്കി
എം.മനോജ് കുമാര്‍
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുനിന്നു നൽകിയ ഉത്തരവു ലംഘിച്ച് രണ്ട് പോലീസുകാരെ സ്ഥലംമാറ്റിയ കണ്ണൂർ റൂറൽ എസ്പിയുടെ നടപടി സംസ്ഥാന പൊലീസ് മേധാവി റദ്ദാക്കി. സായുധ സേനയിൽനിന്ന് ഐടി സെല്ലിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത ഉത്തരവാണ് ഡിജിപി ഷേക്ക് ദർവേഷ് സാഹിബ് റദ്ദാക്കിയത്.
ജില്ലാ പൊലീസ് മേധാവികൾക്ക് സ്വന്തം ഇഷ്ടപ്രകാരം പൊലീസ് സേനാംഗങ്ങളെ മാറ്റാൻ അധികാരം നൽകിയിട്ടുണ്ട്. പക്ഷേ അവരെ ഐടി സെല്ലിൽ നിയോഗിക്കണമെങ്കിൽ പൊലീസ് ആസ്ഥാനത്തുനിന്ന് അനുമതി വാങ്ങണം. ഇത് കണ്ണൂർ എസ്പി: എം.ഹേമലത മറികടന്നുവെന്നാണ് കണ്ടെത്തൽ. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ.വിനീത്, പി.രോഹിത് എന്നിവരാണ് സ്ഥലം മാറ്റപ്പെട്ടത്. രണ്ടു പേരെയും അടിയന്തരമായി സായുധസേനയിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന് ഡിജിപി ഉത്തരവിട്ടു. ഡിജിപിയുടെ ഇടപെടൽ സായുധ സേനാംഗങ്ങൾക്കിടയിൽ വൻ ചർച്ചയ്ക്ക് ഇടയാക്കി.
ഇവരെ ഐടി സെല്ലിലേയ്ക്ക് മാറ്റണമെന്നുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകാനും ഡിജിപി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല ഭാവിയിൽ ഡ്യൂട്ടി അഡ്ജസ്റ്റ്മെൻറ്, ഡ്യൂട്ടി അറേഞ്ച്മെൻ്റ് എന്നീ പേരുകൾ പറഞ്ഞ് പോലീസുകാരെ അവരുടെ യൂണിറ്റുകളിൽ നിന്ന് മാറ്റരുത് എന്ന കർശന നിർദ്ദേശവും ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നൽകി. ഇതിനുള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിക്ക് മാത്രമാണെന്ന് ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here