മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തൻ, ഡിജിപി ടി.കെ.വിനോദ് കുമാർ പോലീസ് സേന വിടാനൊരുങ്ങുന്നു; അടുത്ത ഇന്നിങ്സ് അമേരിക്കയിൽ അധ്യാപകനായി; വിഷയം ഫോറൻസിക് സയൻസ്
എം.മനോജ് കുമാർ
തിരുവനന്തപുരം: ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ടി.കെ.വിനോദ് കുമാർ കേരളം വിടുന്നു. അമേരിക്കയിൽ ഫോറൻസിക് സയൻസിൽ അധ്യാപകനാകാൻ ക്ഷണം ലഭിച്ച വിനോദ് കുമാർ, രണ്ടു വർഷത്തെ അവധിക്ക് അപേക്ഷിച്ച് സർക്കാരിന് കത്ത് നൽകി. ഫയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടു. രണ്ടു വർഷത്തെ സർവീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാറിന്‍റെ നീക്കം. മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചാൽ ഷേഖ് ദർവേഷ് സാഹിബിന്‍റെ പിൻഗാമിയായി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് മറ്റൊരാൾ എത്തും. ഒന്നര വർഷം കഴിഞ്ഞാൽ ഷേഖ് ദർവേഷിന് പകരം ടി.കെ.വിനോദ് കുമാർ എത്തുമെന്നായിരുന്നു പൊതുവിൽ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇവയെല്ലാം തള്ളി തീർത്തും അപ്രതീക്ഷിതമായാണ് തൻ്റെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്.
ക്രിമിനൽ ജസ്റ്റിസിൽ ഡോക്ടറേറ്റ് ഉള്ള വിനോദ്, ഇന്റലിജൻസ് മേധാവിയായി തിളങ്ങിയിരുന്നു. അടുത്തയിടെയാണ് വിജിലൻസ് തലപ്പത്ത് എത്തിയത്. തിരഞ്ഞെടുപ്പ് അടക്കം നിർണായക ഘട്ടത്തിലേക്ക് സർക്കാർ കടക്കുമ്പോൾ വിശ്വസ്തനായ വിനോദ് കുമാറിൻ്റെ കൊഴിഞ്ഞുപോക്ക് നഷ്ടമാകും എന്നാണ് വിലയിരുത്തൽ. നേരത്തെ ഇന്ത്യാന സർവ്വകലാശാല സൗത്ത് ബെൻഡിൽ ക്രിമിനൽ ജസ്റ്റിസ് വിഭാഗം അസി. പ്രഫസറായി വിനോദ് കുമാർ സേവനം ചെയ്തിരുന്നു. 2013-ൽ ഇദേഹത്തിൻ്റെ പബ്ലിക്ക് ഈവന്റ്സ് ആൻഡ് പോലീസ് റെസ്പോൺസ് എന്ന പുസ്തകം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കിയത് റിക്കാർഡ് വിൽപ്പന നേടിയിരുന്നു.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യാഗസ്ഥരിൽ ഒരാളായി മാറിയത് കഴിഞ്ഞ പിണറായി സർക്കാരിന്‍റെ അവസാന നാളുകളിലാണ്. വീണ്ടും ഇടതു സർക്കാർ തന്നെ തിരിച്ചു വരുമെന്ന് സീറ്റു കണക്ക് സഹിതം കൃത്യമായ വിലയിരുത്തൽ നടത്തിയിരുന്നു. ഇന്റലിജന്‍സ് മേധാവി എന്ന നിലയിൽ ഇതടക്കം നിരവധി ഇടപെടലുകളിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും ആത്മവിശ്വാസം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് വല്ലാതെ പഴികേട്ട പോലീസ് ഭരണം ഭേദപ്പെട്ട നിലയിലെത്തിക്കാൻ വിനോദ് കുമാറിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് നിർണായകമായത്. ഇങ്ങനെയല്ലാം വിശ്വസ്തനായ ഒരാളെ കൈവിടാൻ മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് നിർണായക ചോദ്യം. എന്നാൽ തനിക്ക് ഇഷ്ടമുള്ള വിഷയത്തിൽ അധ്യാപനം നടത്താൻ അതിയായ താൽപ്പര്യമുണ്ടെന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിജിലൻസ് ഡയറക്ടറർ എന്ന നിലയിൽ 24×7 പ്രവർത്തന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വിനോദ് കുമാറിന് പകരം പുതിയ വിജിലൻസ് ഡയറക്ടർ ആരെന്നതും സർക്കാരിന് വെല്ലുവിളിയാണ്. ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ വിജിലൻസ് ഡയറക്ടർ ആകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. വിനോദ് കുമാറിന്‍റെ അവധി അനുവദിച്ചാൽ ബിവറേജസ് എംഡി യോഗേഷ് ഗുപ്ത ഡിജിപി റാങ്കിൽ എത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here