അൻവറിൻ്റെ പരാതിയിൽ റിപ്പോർട്ട് വേഗത്തിലാക്കാൻ ഡിജിപി; എഡിജിപിയുടെ തൃശൂർ പൂരം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എഡിജിപി എംആര്‍ അജിത്കുമാറിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഡോ. ദര്‍വേഷ് സാഹിബ് അംഗീകരിച്ചു. കണ്ടെത്തലുകളിൽ തുടര്‍നടപടി നിര്‍ദേശിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. പുരം അലങ്കോലമാക്കിയതിൽ അന്വേഷണം വേണമോ എന്ന കാര്യമടക്കം റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി തീരുമാനിക്കും.

ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഉത്തരവിട്ട അന്വേഷണ റിപ്പോർട്ട് അഞ്ചുമാസം വൈകിയാണ് കൈമാറിയത്. പൂരം ആസൂത്രണം ചെയ്ത് കലക്കിയയാണ് എന്നാരോപിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളെ തുടർന്നായിരുന്നു അന്വേഷണം. പൂരം അലങ്കോലമാക്കിയത് എംആർ അജിത് കുമാറിൻ്റെ അറിവോടെ പോലീസാണ് എന്ന ഭരണകക്ഷി എംഎൽഎ പിവി അൻവറിൻ്റെ ആരോപണം വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വൈകിപ്പിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് പോലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഇത് വിശദീകരിക്കുന്ന കത്തും അദ്ദേഹം കൈമാറിയിട്ടുണ്ട്.

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ വിജയിപ്പിക്കാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് മാസങ്ങളോളം പൂഴ്ത്തിവച്ച റിപ്പോർട്ട് എഡിജിപി സമർപ്പിച്ചത്. അന്വേഷണ റിപ്പോർട്ട് എവിടെ എന്നതിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ മാസം 24 ന് മുമ്പ് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് എംആർ അജിത് കുമാർ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.


അതേസമയം, എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച മറ്റ് ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ ഡിജിപി നിർദേശം നൽകി. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വ്യാഴാഴ്ചയ്ക്കകം കൈമാറണമെന്നാണ് അന്വേഷണ സംഘത്തിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എഡിജിപിക്കെതിരെ ഇടത് എംഎൽഎ നൽകിയ പരാതിയെ തുടർന്നായിരുന്നു ഡിജിപിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി അന്വേഷണ സംഘത്തെ നിയോഗിച്ചത്. എംആർ അജിത് കുമാറും അൻവറിനെതിരെ പരാതി നൽകിയിരുന്നു. അതിലും അന്വേഷണം നടക്കുന്നുണ്ട് ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍, ക്രൈംബ്രാഞ്ച് എസ്പി മദുസൂധനന്‍, എസ്പി ഷാനവാസ് അടങ്ങിയ ടീമായിരുന്നു ആരോപണങ്ങൾ അന്വേഷിക്കുന്നത്.

ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ ഏകീകരിച്ച് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഡിജിപി ദര്‍വേഷ് സാഹിബിൻ്റെ നീക്കം. ഒക്ടോബർ മൂന്നാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയ്യതി. എന്നാൽ അതിന് മുമ്പ് റിപ്പോർട്ട് നല്‍കും. പിവി അൻവറിൻ്റേയും എഡിജിപിയുടേയും മൊഴിയടക്കം അന്വേഷണസംഘം എടുത്തിരുന്നു. എഡിജിപിക്ക് സ്വർണക്കടത്തുകാരുമായി ബന്ധമുണ്ട്, എംഎൽഎമാരുടെയും മാധ്യമ പ്രവർത്തകരുടേയും ഫോണ് ചോർത്തി, അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിച്ചത്. അജിത്‌ കുമാറിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന കാര്യം ഈ റിപ്പോര്‍ട്ടിന് അനുസരിച്ച് മുഖ്യമന്ത്രി തീരുമാനിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top