ഡിജിപി ശബരിമലയിലേക്ക്; ക്രമീകരണങ്ങള്‍ വിലയിരുത്തും; മകരവിളക്കിന് സുരക്ഷ ഒരുക്കാന്‍ 2500 പോലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം : മകരവിളക്കിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നാളെ ശബരിമലയിലെത്തും. സന്നിധാനത്തേയും മകരവിളക്ക് ദൃശ്യമാകുന്ന സ്ഥലങ്ങളിലേയും ക്രമീകരണങ്ങള്‍ ഡിജിപി നേരിട്ട് പരിശോധിക്കും. രാവിലെ ഒന്‍പതു മണിക്ക് നിലയ്ക്കലില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി പങ്കെടുക്കും. പാര്‍ക്കിങ്ങ് ക്രമീകരണങ്ങള്‍ വാഹനങ്ങള്‍ കടത്തി വിടുന്നതിലെ നിയന്ത്രണങ്ങള്‍ എന്നിവയാണ് ഇവിടത്തെ യോഗത്തില്‍ അവലോകനം ചെയ്യുക.

പമ്പയില്‍ എത്തുന്ന ഡിജിപി ഭക്തരെ കടത്തി വിടുന്ന ക്രമീകരണം കൂടാതെ മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തര്‍ തമ്പടിക്കാറുള്ള സ്ഥലങ്ങളിലെ സുരക്ഷയും പരിശോധിക്കും. ഇതിനു ശേഷമാകും സന്നിധാനത്ത് എത്തുക. മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തര്‍ ധാരാളമായി എത്താറുള്ള പുല്ലുമേട്ടിലെ സുരക്ഷ പ്രത്യേകമായി പരിശോധിക്കും.

മകരവിളക്ക് മഹോത്സവ സമയത്ത് 2500 ഓളം പോലീസുദ്യോഗസ്ഥരാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കുക. നിലവില്‍ ഡ്യൂട്ടിയിലുള്ള ബാച്ച് കൂടാതെ നാളെ മുതല്‍ ആറ് ഡിവൈ.എസ്.പിമാര്‍, 15 സി.ഐമാര്‍, 25 എസ്.ഐ, എ.എസ്.ഐമാര്‍, 350 പോലീസുകാരും ശബരിമല ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നുണ്ട്. ജനുവരി 15നാണ് മകരവിളക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top