അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും; നടപടി പ്രതീക്ഷിച്ച് സിപിഐ

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന ശേഷമാണ് ഇന്ന് വൈകിട്ട് തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന് മുഖ്യമന്ത്രി നല്‍കിയ ഒരു മാസത്തെ സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.
ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച അടക്കമുള്ള പരാതികളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചത്. സ്വര്‍ണ്ണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം, കൊലപാതകം തുടങ്ങിയ ആരോപണങ്ങളങ്ങള്‍ അജിത്കുമാറിനെതിരെ ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വര്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണം ചര്‍ച്ചയാകുന്നതിനിടയിലാണ് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും പുറത്തു വന്നത്. ഇതോടെയാണ് അന്വേഷണത്തിന് മുഖ്യമന്ത്രി ഡിജിപിയെ ചുമതലപ്പെടുത്തിയത്. അജിത്കുമാറിനെ ക്രമസമാധന ചുമതലയില്‍ നിന്ന് നീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
എംആര്‍ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കണമെന്ന കടുത്ത നിലപാട് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം അലങ്കോലമായതില്‍ സിപിഐ നിലപാട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ശരിവെച്ചാണ് സംസാരിച്ചത്. കൂടാതെ ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ഇത് സിപിഐക്ക് അല്പം ആശ്വാസം നല്‍കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കും എന്നതുവരെ നേതാക്കളാരും പ്രതികരിക്കാതെ മൗനം പാലിക്കുന്നത്.
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അജിത്കുമാറിനെ സംരക്ഷിച്ച് സംസാരിച്ചതില്‍ സിപിഐക്ക് അമർഷമുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് സിപിഐയുടെ സന്ദേശം. നിയമസഭയിലും പുറത്തും സമ്മര്‍ദവും പ്രതിഷേധവും കടുപ്പിക്കാനാണ് തീരുമാനം. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ആക്രമിക്കുമ്പോള്‍ സംരക്ഷണം ഒരുക്കാതെ മൗനം പാലിക്കാനാണ് സിപിഐ നീക്കം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ പലവട്ടം നേരിട്ട് ആവശ്യപ്പെട്ടിട്ടും ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപമാനിക്കലാണെന്നാണ് സിപിഐയിലെ ഭൂരിപക്ഷ അഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here