പോലീസ് ആത്മഹത്യകളുടെ കണക്കിതാ; ആഭ്യന്തരവകുപ്പ് ഇടപെടുന്നു
തിരുവനന്തപുരം : ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസുകാർക്ക് കൃത്യമായി അവധികൾ അനുവദിക്കാൻ നിർദേശിച്ച് ആഭ്യന്തര വകുപ്പ്. ജോലിയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങൾ അടക്കം പലവിധ കാരണങ്ങളാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് അയച്ച കത്തിലാണ് ഇതടക്കം നിർദേശങ്ങൾ ഉള്ളത്. സമ്മർദങ്ങൾ ലഘൂകരിക്കാൻ കൗൺസിലിങ് അടക്കം മാർഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. 2019 ജനുവരി ഒന്നു മുതല്‍ 2023 സെപ്തംബര്‍ 30 വരെയായി 69 ആത്മഹത്യകൾ പോലീസിൽ നടന്നതായാണ് കണക്ക്. ഡിജിപി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ. ഇതാദ്യമായാണ് ജോലിഭാരത്തെയും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങളെയും പരിഗണിച്ച് പോലീസുകാർക്ക് അവധികൾ അനുവദിക്കണമെന്ന് പേരിനെങ്കിലും ആഭ്യന്തര വകുപ്പ് നിർദേശിക്കുന്നത്.
2019ല്‍ 18, 2020ല്‍ 10, 2021ല്‍ 8, 2022ല്‍ 20, 2023 സെപ്തംബര്‍ 30വരെ 13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ കണക്ക്. ഓഫീസര്‍ റാങ്കിലുളള 21 പേരും സിപിഒ റാങ്കിലുള്ള 32 ഉദ്യോഗസ്ഥരും സീനിയര്‍ സിപിഒ റാങ്കിലുള്ള 16 ഉദ്യോഗസ്ഥരുമാണ് ആത്മഹത്യ ചെയ്തത്. 12 ഉദ്യോഗസ്ഥര്‍ ആത്മഹത്യാ ശ്രമവും ഈ കാലയവില്‍ നടന്നിട്ടുണ്ട്.
ആത്മഹത്യയ്ക്ക് കാരണങ്ങള്‍ പലത്
ജോലിസമ്മര്‍ദ്ദം, കുടുംബ പ്രശ്‌നങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണമായി കണ്ടെത്തിയിരിക്കുന്നത്. പഠനം നടന്ന കാലയളവില്‍ 30 പേര്‍ കുടുംബപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തത്. മാനസിക സംഘര്‍ഷം കാരണം 20 പേരും അഞ്ച് പേര്‍ രോഗങ്ങള്‍ കാരണവും അഞ്ച് പേര്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണവും ആത്മഹത്യ ചെയ്തു. ഏഴ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ജോലിഭാരം കാരണം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ഉദ്യോഗസ്ഥരുടെ ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അമിത ജോലി ഭാരം തന്നെയാണ് പലപ്പോഴും കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
പോലീസ് ജോലി കഠിനം
പലവിധ സമ്മര്‍ദ്ദങ്ങള്‍ കാരണം പോലീസ് ജോലി കഠിനമാകുന്നുവെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അതിനാല്‍ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടി ആവശ്യമാണ്. ഇതിനായി ഒമ്പത് നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
- ആത്മഹത്യ പ്രവണത ഉള്ളവരേയും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെയും തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗ് നല്‍കുക.
- ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുക.
- പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അനുയോജ്യമായ വേദി ഒരുക്കുക.
- വീക്കിലി ഓഫുകളും അര്‍ഹമായതും അനുവദനീയവുമായ അവധികളും പരമാവധി ഏര്‍പ്പെടുത്തുക.
- മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രശ്‌നം ലഘൂകരിക്കാന്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉറപ്പ് വരുത്തുക.
- യോഗ പോലുള്ള പരിശീലനങ്ങള്‍ നല്‍കുക.
- ഉചിതമായ സമയങ്ങളില്‍ ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുക.
- മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കുക.
- സംസ്ഥാനതലത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ട്രാക്കിള്‍ സ്ട്രസ് സംവിധാനം ഓരോ ജില്ലയിലും ആരംഭിക്കുക.
സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിരവധിയുണ്ടെങ്കിലും ജോലിഭാരം സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here