ഇളയരാജയായി ധനുഷ് എത്തുന്നു; ആര്‍. ബാല്‍ക്കിയല്ല സംവിധാനം അരുണ്‍ മാതേശ്വരന്‍ എന്ന് റിപ്പോര്‍ട്ട്

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും എക്‌സൈറ്റിങ് ആയൊരു ഘട്ടത്തിലാണ് തെന്നിന്ത്യന്‍ താരം ധനുഷ് ഇപ്പോഴുള്ളത്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വലിയ ചിത്രങ്ങളാണ് ധനുഷിന്റെതായി പുറത്തിറങ്ങാനുള്ളത്. സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത് ധനുഷ് ആണ്.

മെര്‍ക്കുറി മൂവീസും കണക്ട് മീഡിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രശസ്ത സംവിധായകന്‍ ആര്‍. ബാല്‍ക്കി ചിത്രത്തിന് ചുക്കാന്‍ പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന പേര് ‘ക്യാപ്റ്റന്‍ മില്ലര്‍’ സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെതാണ്.

ഇളയരാജയുടെ കടുത്ത ആരാധകന്‍ കൂടിയായ അരുണ്‍ കരാര്‍ ഒപ്പിട്ടുവെന്നും ഉടന്‍ തിരക്കഥയുടെ പണിപ്പുരയിലേക്ക് കടക്കുമെന്നുമാണ് അറിയുന്നത്. അരുണ്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ മില്ലറി’ലും നായകന്‍ ധനുഷ് ആണ്. കഴിഞ്ഞവര്‍ഷമാണ് ഇളയരാജയുടെ ബയോപിക്കിനെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. 2025ന്റെ പകുതിയോടെ സിനിമ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ പേരുകള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top