വിനായകനെ കുടുക്കാന്‍ ശ്രമിച്ചോ? എഫ്ഐആറിലെ പൊരുത്തക്കേട് വിശദീകരിക്കേണ്ടി വരും

ആര്‍. രാഹുല്‍

കൊച്ചി: നടൻ വിനായകനെതിരെ കൊച്ചി പോലീസ് ചുമത്തിയ കുറ്റങ്ങളും, എഫ്ഐആറിലെ കുറ്റവിവരണവും തമ്മിൽ ഗുരുതര വൈരുദ്ധ്യം. പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തി, പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനം തടസപ്പെടുത്തി എന്നിങ്ങനെ ജാമ്യംകിട്ടാത്ത ഗുരുതര കുറ്റങ്ങൾ നടന്നതായി വിവരിക്കുമ്പോൾ, പക്ഷെ കേരള പോലീസ് ആക്ട് പ്രകാരമുള്ള നിസാരവകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

ആദ്യം ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെൻ്റ് അഥവാ പ്രഥമവിവരം നോക്കാം:

ഈ സംഗതിക്ക് ഇന്ന് (24.07.2023) തീയതി ഞാനും പോലീസ് പാർട്ടിയും ഒന്നിച്ച് സ്റ്റേഷൻ അതിർത്തിയിൽ പെട്ട സ്ഥലങ്ങളിൽ പട്രോളിംഗ് നടത്തി വരവെ വൈകി 07.10 മണിക്ക് സ്റ്റേഷൻ പാറാവിൽ നിന്നും സിനിമാ നടൻ വിനായകൻ സ്റ്റേഷനിൽ എത്തി പ്രശ്നമുണ്ടാക്കുന്നതായി അറിയിച്ചതിൽ ഞാൻ സ്റ്റേഷനിൽ എത്തിയ സമയം ടി വിനായകൻ സ്റ്റേഷനുള്ളിലേക്ക് കടന്നു വരുകയും എന്നോടും പാറാവു ഡ്യൂട്ടിക്കാരനായ വിപിൻ പീറ്ററിനോടും മറ്റും തട്ടിക്കയറുകയും ആയത് വിലക്കിയ സമയം എന്റെയും തൽസമയം സ്റ്റേഷൻ പാറാവിലുണ്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കൃത്യനിർവഹണം തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശത്തോടെ മോശമായി വാക്കുകൾ പറയുകയും സ്റ്റേഷൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, ടിയാനെ സമീപിച്ച് വിലാസവിവരങ്ങൾ ചോദിച്ചതിൽ പറയാതെ ബഹളം തുടരുകയും സ്റ്റേഷൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ടിയാനെതിരെ സ്റ്റേഷൻ ക്രൈം. 2654/2023 u/s 117(e),118(a) KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നു.

എറണാകുളം നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.ജി. പ്രതാപചന്ദ്രൻ രേഖപ്പെടുത്തിയതായി കാണുന്ന ഈ വിവരണത്തിൽ നിന്ന് തെളിയുന്നത് അതീവ ഗൗരവമായ മൂന്നു കുറ്റങ്ങളാണ്.

1)ഇൻസ്പെക്ടറുടെയും പാറാവ് ഡ്യൂട്ടിക്കാരൻ്റെയും കൃത്യനിർവഹണം തടസപ്പെടുത്താൻ ഉദ്ദേശിച്ച് പ്രവർത്തിക്കുക.

2)ബഹമുണ്ടാക്കി പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനത്തെ തടസപ്പെടുത്തുക.

3)പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക.

സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസമുണ്ടാക്കിയാൽ ചുമത്തേണ്ട ഐപിസി 353 എന്ന വകുപ്പ് നിർന്ധമായും ചുമത്തേണ്ട ഗുരുതര നടപടികൾ വിനായകൻ ചെയ്തിരിക്കുന്നു എന്നാണ് ഈ വരികളിലൂടെ പോലീസ് പറയുന്നത്.

ഇനി നോർത്ത് പോലീസ് റജിസ്റ്റർ ചെയ്ത, ക്രൈം നമ്പർ 2654/2023 എന്ന കേസിൽ ചുമത്തിയിട്ടുള്ള സെക്ഷൻസ് അഥവാ വകുപ്പുകൾ നോക്കാം. കേരള പോലീസ് ആക്ട് സെക്ഷൻ 117(e), 118(a) മാത്രം. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തലും പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കലും ഇതിലുണ്ട്. എന്നാൽ പ്രഥമ വിവരമായി പോലീസ് തന്നെ വിവരിച്ചത് പോലെയുള്ള കുറ്റങ്ങൾ പ്രതി ചെയ്തെങ്കിൽ സെക്ഷൻ 353 എന്ന ഐപിസി വകുപ്പ് ഒഴിവാക്കിയതിന് ന്യായമില്ല. ഒരേ സംഭവത്തിൽ പല വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തേണ്ട സാഹചര്യം ഉണ്ടായാൽ, അവയിൽ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കാനുള്ള വിവേചനാധികാരം പോലീസിനില്ല, എല്ലാം ചേർക്കണം എന്ന് തന്നെയാണ് നിയമം പറയുന്നത്; ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരും ഇത് ശരിവയ്ക്കുന്നു.

സാഹചര്യം ഇതായിരിക്കെ, ഒരു കാര്യത്തിൽ ഇനി വ്യക്തത ഉണ്ടാകണം. രണ്ടിൽ ഏതാണ് ശരി? ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെൻ്റിൽ പോലീസ് പറയുന്ന കുറ്റങ്ങൾ പ്രതി ചെയ്തോ; എങ്കിൽ എന്തുകൊണ്ട് അത് പ്രകാരമുള്ള വകുപ്പുകൾ കേസിൽ നിന്ന് ഒഴിവായി? അതോ കേസിൽ ഇപ്പോഴുള്ള ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമുള്ള നിസാര കുറ്റങ്ങൾ തന്നെയാണോ പ്രതി ചെയ്തത്? അങ്ങനെയെങ്കിൽ വിനാകയനെ പൂട്ടുക എന്ന ഉദ്ദേശ്യത്തിൽ പോലീസ് കരുതിക്കൂട്ടി മെനഞ്ഞ കഥകൾ ആണോ പ്രഥമ വിവരമായി എഴുതിക്കൂട്ടിയിരിക്കുന്നത്? ആരാണ് അതിന് പിന്നിൽ??

വിനായകൻ ചെയ്ത കുറ്റങ്ങൾക്ക് അനുസരിച്ചുള്ള വകുപ്പുകൾ തന്നെയാണ് ചുമത്തിയിരിക്കുന്നത് എന്നാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ് ശശിധരൻ മാധ്യമങ്ങളോട് വിശദീകരിച്ചത്. കൂടുതൽ കുറ്റങ്ങൾ ഉണ്ടോയെന്ന് അറിയാൻ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ എഫ്ഐആറിലെ പ്രഥമ വിവരവും, ചുമത്തിയ വകുപ്പുകളും തമ്മിലുള്ള വൈരുദ്ധ്യം ആണ് പോലീസ് ആദ്യം പരിശോധിക്കേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top