അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം; ‘മലയാളി ഫ്രം ഇന്ത്യ’യുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി; ‘ലാലേട്ടനോട് ഇതുവരെ മൂന്ന് കഥകള്‍ പറഞ്ഞു’
സാനിയ ഇയ്യപ്പനെ നായികയാക്കി 2018ല്‍ ഒരുക്കിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഡിജോ ജോസ് ആന്റണി എന്ന സംവിധായകന്‍ മലായള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ക്വീന്‍ തിയറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. പൃഥ്വിരാജ് നായകനായ ജനഗണമനയായിരുന്നു ഡിജോയുടെ രണ്ടാം ചിത്രം. ജനഗണമന ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയി. പ്രേക്ഷകരും നിരൂപകരും ചിത്രത്തെ പ്രശംസിച്ചു. നിവിന്‍ പോളിയെ നായകനാക്കിയുള്ള മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവുമായാണ് ഡിജോ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ തന്റെ അടുത്ത സിനിമയെക്കുറിച്ച് വാചാലനാവുകയാണ് യുവസംവിധായകന്‍.
അടുത്ത ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ആണെന്നാണ് ഡിജോ പറുന്നത്. മോഹന്‍ലാലിനെ നായകനാക്കി കൈരളി ടിഎംടിയുടെ പരസ്യചിത്രം സംവിധാനം ചെയ്തത് ഡിജോ ആണ്. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുള്ള സിനിമയെക്കുറിച്ച് ഡിജോ സംസാരിച്ചത്.
‘അങ്ങനെ ഒരു സിനിമയുടെ പ്ലാനിങ്ങില്‍ ആണ്. ലാലേട്ടനോട് കഥ പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത്, ഞാന്‍ ലാലേട്ടനോട് മൂന്ന് തവണയോളം കഥ പറഞ്ഞിട്ടുണ്ടെന്നാണ്. ഞാന്‍ അദ്ദേഹത്തോടൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പരസ്യങ്ങളില്‍ ആണെന്ന് മാത്രം. എനിക്ക് ലാല്‍ സാറിനെ വ്യക്തിപരമായി അറിയാം. അദ്ദേഹത്തോട് ആദ്യത്തെ തവണ കഥ പറഞ്ഞു. എന്നാല്‍ അത് വര്‍ക്കായില്ല. രണ്ടാമത്തെ കഥയെ കുറിച്ച് പെട്ടെന്ന് ചോദിച്ചാല്‍ അത് വര്‍ക്കായില്ല എന്ന് പറയാം. ആ കഥയുടെ മുകളില്‍ കുറേ സമയം ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ അതും വര്‍ക്കായില്ല. മൂന്നാമത്തെ സിനിമയുടെ കഥ പറഞ്ഞിട്ട് ഇപ്പോള്‍ അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സിനിമ ഓരോ ഘട്ടമായി ഇങ്ങനെ മുന്നോട്ട് പോകുകയാണ്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here