ബാന്ദ്ര നവംബർ 10ന് തീയേറ്ററുകളിൽ; മാസ് ലുക്കിൽ ദിലീപ്
കൊച്ചി: സൂപ്പർഹിറ്റായ രാമലീലക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ് ചിത്രം ബാന്ദ്ര നവംബർ 10 ന് റിലീസ് ചെയ്യും. ജാമ്യത്തിലിറങ്ങിയ ശേഷം പുറത്തുവന്ന ആദ്യ ദിലീപ് ചിത്രമായിരുന്നു രാമലീല. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത രാമലീല വമ്പൻ ഹിറ്റായത്തിന്റെ ആത്മവിശ്വാസത്തിലാണ് അരുൺ ഗോപി ബാന്ദ്ര ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ.
തമന്ന ആദ്യമായി എത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ബാന്ദ്രക്കുണ്ട്. ദിലീപ് മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു. ബോളിവുഡ് നടൻ ദിനോ മോറിയയാണ് വില്ലനായി എത്തുന്നത്. തമിഴ് നടൻ ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം പാൻ ഇന്ത്യൻ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമത മോഹൻദാസ്, സിദ്ദിഖ്, ലെന, കലാഭവൻ ഷാജോൺ, ഗണേഷ്‌കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.
ദിലീപിന്റെ 147-ാമത്തെ ചിത്രവും അരുൺ ഗോപിയുടെ നാലാമത്തെ ചിത്രവുമാണിത്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, മുംബൈ, ജയ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനങ്ങൾ കൈകാര്യം ചെയ്യുന്നത് അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ്.