സരിതയും സംഘവും ഉടനെങ്ങും പുറത്തുവരില്ല; അതിവേഗ കുറ്റപത്രത്തിന് ഉന്നതതല നിർദേശം; പ്രതി വക്കീലെന്ന് പുതിയ വിവരവും

നിക്ഷേപത്തുക തട്ടിയെടുക്കാൻ ധനകാര്യ സ്ഥാപനത്തിലെ മാനേജർ ക്വട്ടേഷൻ നൽകി എൺപതുകാരനെ കൊലപ്പെടുത്തിയ കേസിൽ 30 ദിവസത്തിനകം കുറ്റപത്രം നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിൻ്റെ നിർദേശം. സരിത അടക്കം പ്രതികളുടെ അറസ്റ്റ് ഇപ്പോഴാണ് ഉണ്ടായതെങ്കിലും ഒരുമാസത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള തെളിവുകൾ ശേഖരിക്കാൻ എസ്പി വിവേക് കുമാറിൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഉടനടി കുറ്റപത്രം നൽകാനുള്ള എഡിജിപിയുടെ നിർദേശം.

ആലുവ റൂറൽ എസ്പിയായിരിക്കെ ബിഹാറി ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ സമയപരിധിക്കുള്ളിൽ കുറ്റപത്രം കൊടുക്കാനും പ്രതിക്ക് വധശിക്ഷ വാങ്ങികൊടുക്കാനും കഴിഞ്ഞ അന്വേഷണത്തിന് നേതൃത്വം നൽകിയത് വിവേക് കുമാർ ആയിരുന്നു. ഇതേ മാതൃകയിൽ വേഗത്തിൽ കുറ്റപത്രം കൊടുക്കാനാണ് നിർദേശം.

പ്രധാനപ്രതി സരിത.എം. കൊല്ലം ബാറിൽ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൽ മാനേജറായി ചേരുന്നത് വരെ കൊല്ലത്തെ വിവിധ കോടതികളിൽ ഹാജരായിട്ടുണ്ടെന്ന് കൊല്ലം ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അഡ്വ.ബോറിസ് പോൾ മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ചു. സരിതയുടെ കാറിൽ അഭിഭാഷകരുടെ സ്റ്റിക്കർ പതിച്ചിരുന്നു. ഇത് കണ്ട് ചോദിക്കുന്നവരോട് താൻ പ്രാക്ടീസ് ചെയ്തിരുന്ന കാര്യമെല്ലാം വിശദീകരിക്കാറുണ്ട്. ഇത്തരമൊരു പശ്ചാത്തലം ഉണ്ടായിട്ടും പിടിക്കപ്പെടുമെന്ന ചിന്തയൊട്ടുമില്ലാതെ ക്വട്ടേഷൻ കൊടുത്ത് കൊലപാതകം നടത്തിയതിനെക്കുറിച്ച് പഴയ സഹപ്രവർത്തകർ പലരും അതിശയിക്കുകയാണ്.

കുറ്റപത്രം വൈകിയാൽ പ്രതികൾ ജാമ്യത്തിലിറങ്ങാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് സരിത നേരിട്ട് കൊലപാതകം നടത്തിയിട്ടില്ല എന്ന വാദം ഉയർത്തിയാൽ. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം കൊടുക്കാൻ പോലീസിന് കഴിഞ്ഞാൽ ആ സാധ്യതയും ഇല്ലാതാകും. നിക്ഷേപത്തുകയുടെ വലുപ്പം നോക്കിവച്ച് നിക്ഷേപകനെ വകവരുത്താൻ ധനകാര്യ സ്ഥാപനത്തിലുള്ളവർ തീരുമാനിച്ചെന്ന അത്യപൂർവ സ്വഭാവം കേസിനുണ്ട്. പോരാത്തതിന് ക്വട്ടേഷൻ കൊലപാതകവും. തെളിവുകൾ ഏറെക്കുറെയെല്ലാം ശേഖരിക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്ന് തന്നെ പ്രതികൾ വിചാരണ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top