അൽഫോൺസ് പുത്രന് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമ നിർത്തുന്നു, ഷോർട്ട് ഫിലിമുകൾ തുടരുമെന്ന് പ്രഖ്യാപനം
കൊച്ചി: സിനിമ വിടുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ തിരിച്ചറിഞ്ഞു എന്നും ആരെയും ബുദ്ധിമുട്ടിക്കില്ല എന്നും പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയായിരുന്നു. എന്നാൽ അൽപ സമയത്തിനുള്ളിൽ കുറിപ്പ് പിൻവലിച്ചു.
“പാലിക്കാൻ കഴിയാത്ത ഉറപ്പുകൾ മറ്റുള്ളവർക്ക് നൽകാൻ വയ്യ. സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. എന്നാൽ ഷോർട്ട് ഫിലിമുകളും വിഡിയോകളും പാട്ടുകളും തുടർന്നും സംവിധാനം ചെയ്യും. പരമാവധി ഒടിടി പ്ലാറ്റ്ഫോമുകളിൽ മാത്രം, തീയേറ്റർ സിനിമ നിർത്തുന്നു”; അൽഫോൺസ് പുത്രൻ പറയുന്നു.
രാവിലെ പതിനൊന്നരയോടെ ഇട്ട പോസ്റ്റ് ഉടൻ തന്നെ പിൻവലിച്ചതായാണ് കാണുന്നത്. കൂടുതൽ വിശദീകരണങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. സംവിധായകന് പിന്തുണ അറിയിച്ചും സിനിമ വിടരുത് എന്നാവശ്യപ്പെട്ടും ഒട്ടേറെ പേർ കമൻ്റു ചെയ്തിരുന്നു.
നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിൽ ഒന്നാം നിരയിലേക്ക് ഉയർന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ. എന്നാൽ ഒടുവിൽ ഇറങ്ങിയ പൃഥ്വിരാജ് നായകനായ ഗോൾഡ് അപ്രതീക്ഷത പരാജയമാണ് നേരിട്ടത്. ഇത് സംവിധായകന് കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. അതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വാഗ്വാദത്തിന് പോലും അൽഫോൺസ് തുനിഞ്ഞിരുന്നു. ഇതിനെല്ലാം ശേഷമാണ് വിടവാങ്ങൽ പ്രഖ്യാപനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here