‘ആടുജീവിതത്തിന്‍റെ രണ്ടാം ഭാഗം വളരെ ഇമോഷണലായിരിക്കും; അത് നജീബിന്റെ കഥയല്ല’; തുറന്നുപറഞ്ഞ് സംവിധായകന്‍ ബ്ലെസി
മരുഭൂമിയില്‍ അകപ്പെട്ട് തിരികെ നാട്ടിലേക്ക് പോകാന്‍ ആശിച്ച് കഴിഞ്ഞ നജീബ് എപ്പോഴും ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ഭാര്യ സൈനുവിനെയാണ്. ആടുജീവിതം സിനിമയില്‍ ഇരുവരുടെയും പ്രണയത്തെ വളരെ ആഴത്തില്‍ കാണിച്ച സംവിധായകന്‍, നജീബ് മരുഭൂമിയില്‍ എത്തിപ്പെട്ടശേഷം ഒരിക്കല്‍ പോലും സൈനുവിന്‍റെ അവസ്ഥ കാണിച്ചിട്ടില്ല. ഇതും സിനിമയുടെ രണ്ടാം ഭാഗവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ബ്ലെസി.
നിലവില്‍ ആടുജീവിതത്തിന് രണ്ടാം ഭാഗം തീരുമാനിച്ചിട്ടില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു. “ആടുജീവിതത്തിന്റെ സമയത്ത് ചിന്തിച്ച ഒരു കാര്യമാണ് സൈനു എങ്ങനെ മൂന്ന് വര്‍ഷം ജീവിച്ചു എന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൈനുവിന്റെ കഥ വച്ചൊരു പരസ്യം പ്ലാന്‍ ചെയ്തിരുന്നു. അതിന്‍റെ കഥ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. അതിനായി ചില ഷോട്ടുകള്‍ അമല പോളിനെ വെച്ച് എടുക്കുകയും ചെയ്തു. സൈനുവിന്റെ കാത്തിരിപ്പ്, പോസ്റ്റോഫീസില്‍ പോയിരിക്കുന്നത് തുടങ്ങി അഞ്ചാറ് സീനുകള്‍. സൈനു ഒറ്റപ്പെട്ട കഥ പറഞ്ഞപ്പോള്‍ കുറെ പേര്‍ക്ക് അത് രസകരമായി തോന്നിയിരുന്നു. ചിലപ്പോള്‍ അത് സിനിമയായേക്കാം” ബ്ലെസി പറഞ്ഞു.
നജീബ് മരുഭൂമിയില്‍ എത്തിയശേഷം സൈനുവിന്റെ നാട്ടിലെ അവസ്ഥ കാണിക്കാതിരുന്നത് മനപൂര്‍വം ആണെന്ന് കരുതിക്കോളു. അതിനൊരു കാരണമുണ്ടെന്നും ബ്ലെസി പറഞ്ഞു. ‘ഞാന്‍ ഒരു ഇമോഷണല്‍ ആളാണ്. അങ്ങനൊരു സിനിമ വരികയാണെങ്കില്‍ ഭയങ്കര ഇമോഷണല്‍ പടമായി മാറാന്‍ സാധ്യത ഉണ്ട്’ ബ്ലെസി കൂട്ടിച്ചേര്‍ത്തു.
“നാട് വിട്ടുപോകുന്ന പലരുടെയും ഭാര്യമാര്‍ ഇവിടെ ഒറ്റപ്പെട്ടാണ് കഴിയുന്നത്. യഥാര്‍ത്ഥത്തില്‍ അത് സിനിമയിലൂടെ അടയാളപ്പെടുത്തേണ്ടതുണ്ട്. ബ്ലെസി സാര്‍ അത് ചെയ്തില്ലെങ്കില്‍ മറ്റാരെങ്കിലും അങ്ങനൊരു സിനിമ ചെയ്യണം. സൈനു മൂന്ന് വര്‍ഷമാണെങ്കില്‍ അഞ്ചോ പത്തോ വര്‍ഷം ഭര്‍ത്താവിനെ കാത്തിരിക്കുന്നവരുണ്ട്” രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കഥാകൃത്ത് ബെന്യാമിന്റെ മറുപടി ഇങ്ങനെയായിരുന്നു.
അതേസമയം റീലീസ് ചെയ്ത് 9 ദിവസങ്ങള്‍ കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്‌നമാണ് ആടുജീവിതം. 82 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം ചിത്രീകരണം വൈകിയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ആടുജീവിതം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആദ്യദിനം ഒരുകോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here