ചലച്ചിത്ര വികസന കോർപറേഷനിൽ നിന്നും സംവിധായകൻ ഡോ ബിജു രാജി വച്ചു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷനിൽ നിന്നും സംവിധായകൻ ഡോ ബിജു രാജി വെച്ചു. ബോർഡ് മെമ്പർ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴിൽപരമായ ആവശ്യങ്ങൾക്കായാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. കെഎസ്എഫ്ഡിസി എംഡിക്ക് ഇമെയിലായാണ് രാജികത്ത് അയച്ചത്. പറയാനുള്ളതെല്ലാം കെഎസ്എഫ്ഡിസിയിൽ പറഞ്ഞിട്ടുണ്ടെന്നും, കൂടുതൽ ഒന്നും ഈ വിഷയത്തിൽ പറയാനില്ലെന്നും ഡോ ബിജു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് തുറന്ന കത്തുമായി ഡോ ബിജു രംഗത്തെത്തിയിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ‘അദൃശ്യജാലകങ്ങൾ’ എന്ന സിനിമയ്ക്കെതിരെ ര‍ഞ്ജിത്ത് നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ബിജു നൽകിയത്.

‘അദൃശ്യജാലകങ്ങൾ’ എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആളുകൾ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടർ ബിജുവൊക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.

ഇതിനു മറുപടിയായി ഡോ. ബിജു രംഗത്തെത്തിയിരുന്നു. ”തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥമാണ്,’’ ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് രാജി.

സൈറ (2005) എന്ന ചിത്രത്തിലൂടെയാണ് എഴുത്തുകാരനായും സംവിധായകനായും ബിജു സിനിമയിൽ എത്തുന്നത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്, കൂടാതെ ഇദ്ദേഹത്തിന്റെ സിനിമകൾ ഒന്നിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ 2019-ൽ ഗോൾഡൻ ഗോബ്ലറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top